സ്വന്തം ലേഖകൻ: ചൈനയില്‍ തൊഴില്‍ പ്രശ്‌നങ്ങള്‍ മൂര്‍ച്ഛിക്കുന്നതിനാല്‍ ഇന്ത്യയിലെ നിര്‍മാണശാലയില്‍ നാലിരട്ടി ജോലിക്കാരെ എടുക്കാന്‍ ഫോക്‌സ്‌കോണ്‍ തീരുമാനിച്ചെന്ന് ബ്ലൂംബര്‍ഗ്. ആപ്പിളിനായി ഐഫോണ്‍ നിര്‍മിച്ചു നല്‍കുന്ന ഏറ്റവും വലിയ കരാര്‍ കമ്പനിയായ ഫോക്‌സ്‌കോണിന്റെ ചൈനയിലെ നിര്‍മാണശാലയിലാണ് ജോലിക്കാര്‍ കലാപം അഴിച്ചുവിട്ടത്. ഷെങ്ഷൗവിലുള്ള ലോകത്തെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മാണ ഫാക്ടറിയിലാണ് സമരം.
ഞങ്ങളുടെ ശമ്പളം തരൂ എന്നു പറഞ്ഞായിരുന്നു ജോലിക്കാര്‍ സുരക്ഷാ ക്യാമറകളും മറ്റും അടിച്ചു തകര്‍ത്തത്. പിന്നാലെ സുരക്ഷാ ജീവനക്കാരും എത്തി. ഈ കാഴ്ചകള്‍ കുവായിഷോ (Kuaishou) എന്ന വിഡിയോ പ്ലാറ്റ്‌ഫോം വഴി ലൈവായി കാണിക്കുകയും ചെയ്തു. ബോണസ് നല്‍കാന്‍ രണ്ടു ദിവസം താമസിച്ചതാണ് കലാപത്തിന് വഴിവച്ചതെന്ന് ദ് വാള്‍ സ്ട്രീറ്റ് ജേണല്‍ പറയുന്നു.
അതിനിടയില്‍, ഫോക്‌സ്‌കോണിന്റെ തമിഴ്‌നാട്ടിലെ പ്ലാന്റിലേക്കാണ് പുതിയ ജോലിക്കാരെ എടുക്കുന്നതെന്ന് രണ്ട് ഇന്ത്യന്‍ സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്തു. ചൈനയില്‍ വേണ്ടത്ര ഐഫോണ്‍ നിര്‍മിക്കാന്‍ സാധിക്കാത്തതിനാലാണ് ഇത്. എന്നാല്‍, ഈ തീരുമാനം ചൈനയിലെ പ്രശ്നത്തിനു മുമ്പ് എടുത്തതാണ്. ചൈനയിലെ പണിമുടക്കു പരിഗണിച്ച് കൂടുതല്‍ പേരെ എടുക്കുമോ എന്ന കാര്യം ഇപ്പോള്‍ വ്യക്തമല്ല.
ഫോക്‌സ്‌കോണ്‍ ഫാക്ടറിയിലേത് എന്ന പേരിൽ പ്രചരിച്ച വിഡിയോയുടെ നിജസ്ഥിതി തങ്ങള്‍ക്ക് ഉറപ്പുവരുത്താനായിട്ടില്ലെന്ന് റോയിട്ടേഴ്‌സ് പറയുന്നു. അതേസമയം, ലൈവ് ആയി പ്രക്ഷേപണം ചെയ്ത വിഡിയോയില്‍ ഒരാള്‍ പറയുന്നത്, ഫോക്‌സ്‌കോണ്‍ തൊഴിലാളികളെ മനുഷ്യരായി കാണുന്നില്ലെന്നാണ്.
പുതിയ കോവിഡ് ബാധയാണ് ഫോക്‌സ്‌കോണില്‍ പൊട്ടിപ്പുറപ്പെട്ട പ്രശ്‌നങ്ങള്‍ക്കു പിന്നില്‍. ഫാക്ടറിക്കുള്ളില്‍ ക്വാറന്റീനിലുള്ളവര്‍ക്ക് നല്‍കുന്ന ഭക്ഷണം നിലവാരം കുറഞ്ഞതാണ്, കോവിഡ് പകരാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങളും പ്രതിഷേധിച്ച ജോലിക്കാര്‍ ഉന്നയിക്കുന്നത് കേള്‍ക്കാം.
വിഡിയോ വ്യാജമാണെന്ന് ഫോക്‌സ്‌കോണ്‍ പറഞ്ഞതായി ബെന്‍സിങ്ഗ (Benzinga) റിപ്പോര്‍ട്ടു ചെയ്യുന്നു. ചില പുതിയ തൊഴിലാളികള്‍ക്ക് അലവന്‍സിന്റെ കാര്യത്തില്‍ സംശയമുണ്ടായിരുന്നു. തങ്ങള്‍ ഒരിക്കലും കരാര്‍ പ്രകാരമുള്ള തുക ജോലിക്കാര്‍ക്ക് നല്‍കാതിരുന്നിട്ടില്ല. പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് സംസാരിച്ചു പരിഹരിക്കുമെന്നാണ് കമ്പനിയുടെ നിലപാട്.
അതേസമം, തനിക്ക് ഈ സ്ഥലം പേടിയാണ്. തങ്ങളൊക്കെ ഇപ്പോള്‍ കോവിഡ് പോസിറ്റിവ് ആയിട്ടുണ്ടാകാം. ഞങ്ങളെ മരിക്കാന്‍ വിടുകയാണ് നിങ്ങള്‍ എന്നാണ് ഒരു ജോലിക്കാരന്‍ പറഞ്ഞത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, പുതിയ ജോലിക്കാരെ കയറ്റുന്നതിനു മുമ്പ് ഉറക്കറകള്‍ അണുമുക്തമാക്കും എന്നാണ് കമ്പനി പറയുന്നത്.
തയ്‌വാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഫോക്‌സ്‌കോണിന്റെ ചെന്നൈയിലെ പ്ലാന്റിലേക്ക് രണ്ടു വര്‍ഷത്തിനുള്ളില്‍ 53,000 ജോലിക്കാരെ എടുക്കാനാണ് തീരുമാനം. ഇതോടെ ജോലിക്കാരുടെ എണ്ണം 70,000 ആകുമെന്ന് എന്ന് സിഎന്‍ബിസി റിപ്പോര്‍ട്ടു ചെയ്യുന്നു. ചൈനയിലെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ജോലക്കാരെ എടുക്കാന്‍ തീരുമാനിച്ചാലും അത്ഭുതപ്പെടേണ്ട.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല