സ്വന്തം ലേഖകന്‍: ചൈനയിലെ മണ്ണിടിച്ചില്‍ ദുരന്തം, മരണം 34 ആയി, കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുന്നു. തെക്കുകിഴക്കന്‍ ചൈനയിലെ ഒരു ജലവൈദ്യുതി പദ്ധതിയുടെ നിര്‍മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കൂടി രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. മണ്ണിനടിയില്‍ നിന്ന് രണ്ടു പേരെ ജീവനോടെ രക്ഷപ്പെടുത്താനും കഴിഞ്ഞു.
മേഖലയില്‍ കനത്ത മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. മേഖലയില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കേണ്ടതുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഞായറാഴ്ചയാണ് ഫുജിയാന്‍ പ്രവിശ്യയിലെ തായ്‌നിംഗ് കൗണ്ടിയില്‍ മണ്ണിടിച്ചിലുണ്ടായത്.
ഒരു ലക്ഷം ക്യൂബിക് മീറ്ററോളം മണ്ണും കല്ലും താഴേക്കു പതിക്കുകയായിരുന്നു. നിര്‍മാണ മേഖലയിലുണ്ടായിരുന്ന തൊഴിലാളികളുടെ താമസസ്ഥലത്തിനു മുകളിലേക്കാണ് ഇവ പതിച്ചത്. ഓഫീസുകളും തകര്‍ന്നു. ദുരന്തമുണ്ടാകുമ്പോള്‍ തൊഴിലാളികള്‍ ഉറക്കത്തിലായിരുന്നുവെന്ന് രക്ഷപ്പെട്ടവരില്‍ ഒരാള്‍ പറഞ്ഞു. മരിച്ചവരില്‍ മിക്കവരേയും ഇനിയും തിരിച്ചറിയാനുണ്ട്.
ഡിസംബറില്‍ ഷെന്‍ഴെന്‍ നഗരത്തിലുണ്ടായ മണ്ണിടിച്ചില്‍ 77 പേരാണ് മരിച്ചത്. നിര്‍മാണ മേഖലയില്‍ മതിയായ സുരക്ഷ പാലിക്കാത്തതാണ് ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് മാധ്യമങ്ങള്‍ അധികൃതരെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല