സ്വന്തം ലേഖകൻ: രാജ്യങ്ങൾ തമ്മിൽ പരസ്‍പരം തർക്കം തുടരുന്നതിന്റെ ഭാഗമായി, അവസാന ഇന്ത്യൻ മാധ്യമപ്രവർത്തകനോടും രാജ്യം വിടാൻ ആവശ്യപ്പെട്ട് ചൈന. ഈ മാസം തന്നെ പോകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏഷ്യയിലെ സാമ്പത്തിക ശക്തികളായ ചൈനയും ഇന്ത്യയും തമ്മിലുള്ള അസ്വസ്ഥത വർധിപ്പിക്കുന്നതാണു നടപടിയെന്നാണു വിലയിരുത്തൽ.
പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) റിപ്പോർട്ടറോടാണ് രാജ്യം വിടണമെന്നു ചൈനീസ് അധികൃതർ ആവശ്യപ്പെട്ടതെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. പിടിഐ റിപ്പോർട്ടർ പോകുന്നതോടെ, ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയുള്ള ചൈനയിൽ ഇന്ത്യയുടെ മാധ്യമ സാന്നിധ്യം പൂർണമായും ഇല്ലാതാകും.
ഈ വർഷമാദ്യം ഇന്ത്യൻ മാധ്യമ സ്ഥാപനങ്ങളുടേതായി നാലു മാധ്യമ പ്രവർത്തകർ ചൈനയിലുണ്ടായിരുന്നു. ദ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടർ നേരത്തേ ചൈനയിൽനിന്നു മടങ്ങി. പ്രസാർ ഭാരതി, ദ് ഹിന്ദു എന്നിവയിലെ രണ്ടു പേരുടെ വീസ പുതുക്കാൻ ഏപ്രിലിൽ ചൈന തയാറായില്ല.
പിന്നാലെയാണു നാലാമത്തെ ജേണലിസ്റ്റിനോടും മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടത്. മാധ്യമപ്രവർത്തകരെ ഒഴിവാക്കുന്നതിനെപ്പറ്റി പ്രതികരിക്കാൻ ചൈനയുടെ വിദേശകാര്യ മന്ത്രാലയം തയാറായില്ല. നേരത്തേ, സിൻഹുവ ന്യൂസ് ഏജൻസി, ചൈന സെൻട്രൽ ടെലിവിഷൻ എന്നിവയിലെ രണ്ടു ജേണലിസ്റ്റുകളുടെ വീസ പുതുക്കാനുള്ള അപേക്ഷ ഇന്ത്യ തള്ളിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല