സ്വന്തം ലേഖകന്‍: ട്രംപിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ ചൈന ചോര്‍ത്തുന്നതായി യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്വകാര്യ ഫോണ്‍ സംഭാഷണങ്ങള്‍ ചൈനയും റഷ്യയും ചോര്‍ത്തുന്നുണ്ടെന്ന് യുഎസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. മൊബൈല്‍ ഫോണ്‍കോളുകളാണ് ചോര്‍ത്തപ്പെടുന്നതെന്നാണ് കണ്ടെത്തല്‍.
രാജ്യത്തിന്റെ നയതന്ത്ര രഹസ്യങ്ങള്‍ മനസിലാക്കുന്നതിനും ട്രംപിനെ തളര്‍ത്തുന്നതിനുള്ള തന്ത്രങ്ങള്‍ മെനയാനും ഫോണ്‍ചോര്‍ത്തലിലൂടെ സാധിച്ചേക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം. മൊബൈല്‍ ഫോണിന് പകരം വൈറ്റ് ഹൗസിലെ ലാന്‍ഡ്‌ലൈന്‍ ഉപയോഗിക്കാന്‍ നേരത്തെ തന്നെ ട്രംപിനോട് രഹസ്യാന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സൗഹൃദസംഭാഷണങ്ങള്‍ക്ക് മൊബൈല്‍ ഫോണുപയോഗിക്കുന്നത് ട്രംപിന് വിനയാകാന്‍ സാധ്യതയുണ്ടെന്നാണ് ഔദ്യോഗിക വാദം.
പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും ട്രംപ് മൊബൈല്‍ ഉപയോഗം കുറയ്ക്കാത്തത് ഉദ്യോഗസ്ഥരര്‍ക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ട്രംപിനൊപ്പം രാജ്യത്തിന്റേയും സ്വകാര്യതയും സുരക്ഷയും ചോര്‍ത്തപ്പെടുന്നതിന്റെ വിഷമത്തിലാണ് ഉദ്യോഗസ്ഥര്‍. ഔദ്യോഗിക സംഭാഷണങ്ങള്‍ക്കും ട്രംപ് ഐഫോണുകള്‍ ഉപയോഗിക്കുന്നത് പതിവാണ്. വിദേശ ഉദ്യോഗസ്ഥരുമായുള്ള സംസാരവും ചിലപ്പോള്‍ ഐഫോണുകള്‍ വഴിയാണ്.
ട്രംപ് സ്ഥിരമായി സംഭാഷണം നടത്തുന്നവരുടെ പട്ടിക ചൈനയുടെ ചാരസംഘം തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം. പ്രമുഖരായ പലരും പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ റഷ്യന്‍ ചാരസംഘം ഫോണ്‍ചോര്‍ത്തലില്‍ അത്ര വ്യാപൃതരല്ല എന്നാണ് കണ്ടെത്തല്‍. പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനോട് ട്രംപിനുള്ള പ്രത്യേക അടുപ്പം തന്നെയാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല