സ്വന്തം ലേഖകന്‍: രണ്ടാഴ്ചക്കുള്ളില്‍ ചൈന ഇന്ത്യയ്‌ക്കെതിരെ ലഘു സൈനിക നീക്കം നടത്താന്‍ സാധ്യതയെന്ന് ചൈനീസ് മാധ്യമങ്ങള്‍. ഡോക്‌ലാം അതിര്‍ത്തി മേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യന്‍ സേനയെ തുരത്താന്‍ ചൈന ലഘു സൈനിക നീക്കത്തിന് ഒരുങ്ങുന്നതായും രണ്ടാഴ്ചക്കുള്ളില്‍ ആക്രമണമുണ്ടായേക്കുമെന്നും ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭൂട്ടാന്‍ കൂടി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് ചൈനീസ് സൈന്യം റോഡ് നിര്‍മാണം തുടങ്ങിയതോടെ ജൂണ്‍ 16നാണ് ഇന്ത്യ ഡോക്‌ലാമില്‍ സൈന്യത്തെ വിന്യസിച്ചത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള വഴി മുടക്കിയുള്ള റോഡ് നിര്‍മാണം ഏകപക്ഷീയമാണെന്നും അംഗീകരിക്കാനാവില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. അതേസമയം, ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചൈന തുടരുന്ന സമ്മര്‍ദ തന്ത്രത്തിന്റെ ഭാഗമാണ് പുതിയ റിപ്പോര്‍ട്ടെന്നാണ് സൂചന.
ഷാങ്ഹായ് അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസിലെ ഗവേഷക വിദ്യാര്‍ഥി ഹു സിയോയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ച ശേഷമാകും സൈനികനീക്കമെന്നും പറയുന്നു. ഡോക്‌ലാം പ്രതിസന്ധി പരിഹരിക്കാന്‍ ആദ്യം ഇരുരാജ്യങ്ങളും സൈന്യത്തെ പിന്‍വലിക്കുകയും പിന്നീട് ചര്‍ച്ച നടത്താമെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞിരുന്നു. എന്നാല്‍, കടുത്ത ഭാഷയില്‍ ഇന്ത്യയെ വിമര്‍ശിക്കുകയും സംഘര്‍ഷത്തിന് ആക്കം കൂട്ടുകയും ചെയ്യുന്ന നിലപാടാണ് സര്‍ക്കാര്‍ പത്രമായ ഗ്ലോബല്‍ ടൈംസ് സ്വീകരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല