1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2024

സ്വന്തം ലേഖകൻ: ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഭൂമിയില്‍ നിന്ന് കാണാത്ത മറുവശത്ത് നിന്നും പാറക്കല്ലും മണ്ണുമായെത്തിയ ചാങ്അ-6 പേടകം തുറന്നു. ദൗത്യത്തിന് നേതൃത്വം നല്‍കിയ ചൈന അക്കാഡമി ഓഫ് സ്‌പേസ് ടെക്‌നോളജിയിലെ (കാസ്റ്റ്) വിദഗ്ദരാണ് പേടകം തുറന്നത് സാമ്പിള്‍ കണ്ടെയ്‌നര്‍ പുറത്തെടുത്തത്. ഇതിനായി പ്രത്യേക ചടങ്ങും സംഘടിപ്പിച്ചു.

1935.3 ഗ്രാം ഭാരമാണ് ചാങ്അ ശേഖരിച്ച സാമ്പിളുകള്‍ക്കുള്ളതെന്ന് ചൈന നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ (സിഎന്‍എസ്എ) അറിയിച്ചു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഐറ്റ്‌കെന്‍ ബേസിനില്‍ നിന്നാണ് ഇത് ശേഖരിച്ചത്. ചന്ദ്രന്റെ രൂപീകരണം, ഭൂമിശാസ്ത്ര ചരിത്രം എന്നിവയെല്ലാമായി ബന്ധപ്പെട്ട ഒട്ടേറെ വിവരങ്ങള്‍ നല്‍കാന്‍ ഇവയ്ക്ക് സാധിക്കുമെന്നാണ് കരുതുന്നത്.

പ്രതീക്ഷിച്ചതിനേക്കാല്‍ കൂടുതല്‍ സാമ്പിളുകള്‍ ശേഖരിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത് കൂടുതല്‍ വിശദമായ ശാസ്ത്രപഠനങ്ങള്‍ക്ക് അവസരം നല്‍കും. പേടകത്തില്‍ നിന്ന് പുറത്തെടുത്ത സാമ്പിളുകള്‍ പ്രത്യേകം തയ്യാറാാക്കിയ സ്ഥലങ്ങളിലേക്ക് സൂക്ഷിക്കാനും വിശകലനം ചെയ്യാനുമായി കൊണ്ടുപോയിട്ടുണ്ട്.

ഇവയുപയോഗിച്ചുള്ള ഗവേഷണങ്ങള്‍ക്കായി തയ്യാറെടുക്കുകയാണ് ചൈനീസ് ഗവേഷകര്‍. സാമ്പിളുകള്‍ പഠിക്കുന്നതിനായി വിവിധ ലോക രാജ്യങ്ങളെ ചൈന ക്ഷണിച്ചു. എന്നാല്‍ ചില രാജ്യങ്ങളുമായി സഹകരണത്തിന് നിയന്ത്രണങ്ങളുണ്ടാവും പ്രത്യേകിച്ച് യുഎസുമായി. നാസയുമായുള്ള ഉഭയകക്ഷി സഹകരണം തടയുന്ന അമേരിക്കന്‍ നിയമം നീക്കം ചെയ്താല്‍ ഏത് തരത്തിലുള്ള സഹകരണത്തിനും തയ്യാറാണെന്നാണ് ചൈനയുടെ നിലപാട്.

2011 ല്‍ നിലവില്‍ വന്ന യുഎസിലെ വോള്‍ഫ് ഭേദഗതിയാണ് ചൈനയുമായി നേരിട്ടുള്ള ഉഭയകക്ഷി സഹകരണത്തില്‍ നിന്ന് യുഎസിന് തടയുന്നത്. എഫ്ബിഐയുടെ അംഗീകാരം ഉണ്ടെങ്കില്‍ മാത്രമേ ചൈനയുമായി സഹകരണം പാടുള്ളൂ എന്നാണ് ചട്ടം. ഇതാണ് യുഎസുമായി സാമ്പിളുകള്‍ പങ്കുവെക്കുന്നതില്‍ ചൈനയ്ക്ക് മുമ്പിലുള്ള തടസം.

ചൈന ശേഖരിച്ച സാമ്പിളുകള്‍ യുഎസിന് ആവശ്യമുണ്ടെങ്കില്‍ നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യേണ്ടതായിവരും. ചന്ദ്രനുമായി ബന്ധപ്പെട്ട കൂടുതല്‍ രഹസ്യങ്ങള്‍ ഇതുവഴി പുറത്തുവന്നേക്കും. ഇവയുടെ വിശദമായ പഠനങ്ങള്‍ ഭാവി ചാന്ദ്ര ദൗത്യങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന ഒട്ടേറെ വിവരങ്ങളും നല്‍കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.