1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 5, 2025

സ്വന്തം ലേഖകൻ: ചൈനയിൽ അതിവേ​ഗം ഹ്യൂമൻമെറ്റാന്യൂമോവൈറസ് പടരുന്ന സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ചൈനയിൽ എച്ച്.എം.പി.വി.
രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ആരോ​ഗ്യമന്ത്രാലയം ശനിയാഴ്ച സംയുക്തയോ​ഗം വിളിച്ചുചേർത്തിരുന്നു. തുടർന്ന് പുറത്തുവിട്ട പ്രസ്താവനയിലാണ് സ്ഥിതി​ഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ലോകാരോ​ഗ്യസംഘടനയോട് സമയബന്ധിതമായി വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കിയത്.

സർക്കാർ സ്ഥിതി​ഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. സമയബന്ധിതമായി വിവരങ്ങൾ കൈമാറാൻ ലോകാരോ​ഗ്യസംഘടനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ചൈനയിൽ നിന്ന് പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് സ്ഥിതി അസാധാരണമായി കണക്കാക്കാനാവില്ല. നിലവിലെ രോ​ഗികളുടെ നിരക്കിന് പിന്നിൽ ഇൻഫ്ലുവൻസ വൈറസ്, ആർ.എസ്.വി., എച്ച്.എം.പി.വി. തുടങ്ങിയവയാണ്. സീസണലായി കണ്ടുവരുന്ന സാധാരണ രോ​ഗകാരികൾ തന്നെയാണ് ഇവയുടെ വർധനവിന് പിന്നിൽ- പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യയുൾപ്പെടെ ആ​ഗോളതലത്തിൽ ഇതിനകം പ്രചാരത്തിലുള്ള വൈറസുകളാണ് ഇവയെന്നും പ്രസ്താവനയിലുണ്ട്. ഇൻഫ്ലുവൻസ രോ​ഗങ്ങൾ, ശ്വാസകോശസംബന്ധമായ രോ​ഗങ്ങൾ തുടങ്ങിയവ ഐ.സി.എം.ആർ., ഐ.ഡി.എസ്.പി. എന്നിവയ്ക്ക് കീഴിൽ ഇതിനകം പരിശോധിക്കുന്നുണ്ട്. ഇവയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം മേൽപ്പറഞ്ഞ രോ​ഗികളുടെ നിരക്കിൽ ക്രമാതീതമായ വർധനവ് ഇതുവരെയും രേഖപ്പെടുത്തിയിട്ടില്ലെന്നും ആരോ​ഗ്യവകുപ്പ് വ്യക്തമാക്കുന്നു.

അഡിനോവൈറസ്, ആർ.എസ്.വി., എച്ച്.എം.പി.വി. എന്നിവയ്ക്കുള്ള പരിശോധനകളും ഐ.സി.എം.ആർ. നടത്തുന്നുണ്ട്. ഇവയിലും നിലവിൽ വർധനവ് രേഖപ്പെടുത്തിയിട്ടില്ല. എങ്കിലും മുൻകരുതൽ നടപടികളുടെ ഭാ​ഗമായി പരിശോധനകൾ കൂട്ടുന്നതിനായി ലബോറട്ടറികളിൽ കൂടുതൽ സൗകര്യമൊരുക്കുകയും വർഷംമുഴുവൻ എച്ച്.എം.പി.വി.യുടെ നിരക്ക് നിരീക്ഷിക്കുകയും ചെയ്യും. രാജ്യത്തെ ആരോ​ഗ്യസംവിധാനം ഏതുസാഹചര്യത്തേയും നേരിടാൻ സജ്ജമാണെന്നും നിരീക്ഷണം ശക്തമായി തുടരുന്നുണ്ടെന്നും പ്രസ്താവനയിലുണ്ട്.

ഡി.ജി.എച്ച്.എസ്., ആരോ​ഗ്യ-കുടുംബക്ഷേമ മന്ത്രാലയം, ലോകാരോ​ഗ്യസംഘടനയിലെ വിദ​ഗ്ധർ, ദുരന്തനിവാരണ അതോറിറ്റി, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, എയിംസ് ഉൾപ്പെടെയുള്ള വിവിധ ആശുപത്രികൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് സംയുക്തയോ​ഗത്തിൽ പങ്കെടുത്തത്.

അതിനിടെ എച്ച്.എം.പി.വി. പടരുന്ന സാഹചര്യത്തിൽ ആശങ്കയുടെ ആവശ്യമില്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് (ഡിജിഎച്ച്എസ്) ഡോക്ടര്‍ അതുല്‍ ഗോയല്‍ കഴിഞ്ഞദിവസം വ്യക്തമാക്കി. ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ ശ്വസനപ്രശ്‌നം മാത്രമാണിതെന്ന്‌ അദ്ദേഹം പറഞ്ഞു. ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കെതിരെ സാധാരണ എടുക്കാറുള്ള പൊതുവായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും ഡോ.അതുല്‍ ഗോയല്‍ നിര്‍ദേശിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.