1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 3, 2025

സ്വന്തം ലേഖകൻ: ചൈനയില്‍ ഹ്യൂമന്‍ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്.എം.പി.വി) പടരുന്നതായി റിപ്പോര്‍ട്ട്. കോവിഡ് വ്യാപനത്തിന് അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ ചൈനയിലെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.

നിരവധി മരണങ്ങളും സംഭവിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്‍ഫ്‌ളുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, കോവിഡ് 19 എന്നിവ ഉള്‍പ്പടെ ഒന്നിലേറ വൈറസുകള്‍ ചൈനയില്‍ പടരുന്നതായും ചൈനയില്‍ നിന്നുള്ള ചില എക്‌സ് ഹാന്‍ഡിലുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

തിങ്ങി നിറഞ്ഞ ആശുപത്രികളില്‍ മാസ്‌ക് ധരിച്ച് ചികിത്സയ്ക്കായി എത്തിയ രോഗികളുടെ വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. രോഗബാധയെ തുടര്‍ന്ന് ചൈനയിലെ ചില പ്രദേശങ്ങളില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും വാര്‍ത്തകളുണ്ട്.

എന്നാല്‍ ഈ വാര്‍ത്തകളൊന്നും ചൈനയോ ലോകാരോഗ്യ സംഘടനയോ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഉറവിടമറിയാത്ത ന്യുമോണിയ കേസുകള്‍ക്കായി നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയെന്ന് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

14 വയസിന് താഴെ പ്രായമുള്ള കുട്ടികളിലാണ് എച്ച്എംപിവി കേസുകള്‍ പടരുന്നതെന്നാണ് വിവരം. ചൈനയുടെ വടക്കന്‍ പ്രവിശ്യയിലാണ് കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡിന് സമാനമായ രീതിയില്‍ പടരുന്ന വൈറസാണ് എച്ച്.എം.പി.വി. ശ്വസനേന്ദ്രിയ സംവിധാനങ്ങളെ ബാധിക്കുന്ന അണുബാധയാണിത്.

പ്രായമായവരും കുട്ടികളും പ്രതിരോധശക്തി കുറഞ്ഞവരുമാണ് അപകടസാധ്യതാ വിഭാഗത്തിലുള്ളത്. ന്യൂമോവിരിഡേ(Pneumoviridae) ഗണത്തില്‍ പെട്ട എച്ച്.എം.പി.വി. ആദ്യമായി സ്ഥിരീകരിച്ചത് 2001ലാണ്. നിലവില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസിന് പ്രത്യേക ചികിത്സയോ വാക്സിനോ ലഭ്യമല്ലെന്നും വിദഗ്ധര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.