സ്വന്തം ലേഖകന്‍: ഇന്ത്യയുടെ മൂക്കിനു താഴെ കരുത്തു കാട്ടാന്‍ ചൈന, പാകിസ്താനുമായുള്ള സമ്യുക്ത നാവിക അഭ്യാസം അറബിക്കടലില്‍. ചൈനീസ് നാവികസേനയുടെയും പാക്കിസ്ഥാന്റെയും പടക്കപ്പലുകള്‍ അറബിക്കടലില്‍ സംയുക്ത പരിശീലനം നടത്തുമെന്നു ചൈനീസ് സൈന്യം വ്യക്തമാക്കി. നാലു ദിവസത്തെ പരിശീലനത്തിനായി ചൈനയുടെ മൂന്നു പടക്കപ്പലുകള്‍ അടക്കമുള്ള സേനയാണ് എത്തിയിട്ടുള്ളത്.
നിയന്ത്രിത മിസൈല്‍ നശീകരണ കപ്പല്‍ ‘ചാങ്ചുന്‍’, മിസൈല്‍ശേഷിയുള്ള യുദ്ധക്കപ്പല്‍ ‘ജിന്‍സൗ’, യുദ്ധസാമഗ്രികളുടെയും മറ്റും വിതരണത്തിനുള്ള ‘ചൗഹുവാ’ എന്നീ കപ്പലുകളാണ് എത്തിയിട്ടുള്ളത്. ഇരുരാജ്യങ്ങളുടെയും നാവികസേനകളുടെ അഞ്ച് ഉപരിതല കപ്പലുകളും രണ്ട് ഹെലികോപ്ടറുകളും പരിശീലന പരിപാടിയില്‍ പങ്കെടുക്കുമെന്നു ചൈനീസ് സേന അറിയിച്ചു.
ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള പരസ്പര ധാരണയും പരസ്പരവിശ്വാസനും ഊട്ടിയുറപ്പിക്കാനും നാവിക സേനകള്‍ തമ്മിലുള്ള ആശയ വിനിമയത്തില്‍ സ്ഥിരത കൈവരിക്കുന്നതിനും ഇത് സഹായിക്കുമെന്ന് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കമാന്‍ഡര്‍ സഹന്‍ ഹൂ പറഞ്ഞു. ഇത് ലോക സമാധാനത്തിനും പരസ്പര വളര്‍ച്ചയ്ക്കും വഴിയൊരുക്കുമെന്നും സഹന്‍ ഹൂ പറഞ്ഞു.
പാകിസ്താനും ചൈനയും തമ്മിലുള്ള ബന്ധം വളരുന്നതിനെ ആശങ്കയോടെ നോക്കിക്കാണുന്ന ഇന്ത്യയ്ക്ക് ആകുലത വര്‍ധിപ്പിക്കുന്നതാണ് ചൈനീസ് നീക്കം. നാല് ദിവസത്തേയ്ക്ക് കറാച്ചിയില്‍ തങ്ങുന്ന ചൈനീസ് യുദ്ധവിമാനത്തിലെ ഉദ്യോഗസ്ഥര്‍ പാക് നാവികസേനയുമായി കൂടിക്കാഴ്ച നടത്തും. കറാച്ചി തീരത്തെത്തിയ ചൈനീസ് യുദ്ധക്കപ്പലില്‍ വച്ച് പാക് നാവിക സേനാ തലവന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചതും ശ്രദ്ധേയമായിരുന്നു. നേരത്തെ ചൈനീസ് ആണവ അന്തര്‍വാഹിനി പാക് തീരത്തെത്തിയതും വാര്‍ത്തയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല