സ്വന്തം ലേഖകൻ: മറ്റ് രാജ്യങ്ങളില്‍ പ്രവർത്തിക്കുന്നതിന് അമേരിക്കന്‍ ചാരസംഘടനയായ സിഐഎ റിക്രൂട്ട് ചെയ്ത വിവരദാതാക്കളേക്കുറിച്ച് ലോകമെമ്പാടുമുള്ള സിഐഎ താവളങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക. അമേരിക്കയ്ക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്താന്‍ റിക്രൂട്ട് ചെയ്ത വിവരദാതാക്കളില്‍ പലരെയും പാകിസ്താന്‍, ചൈന, ഇറാന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ രഹസ്യാന്വേഷണ വിഭാഗം തിരഞ്ഞുപിടിച്ച് വേട്ടയാടുന്നതായി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ സിഐഎയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇങ്ങനെ പലരും പിടിക്കപ്പെട്ടതായും ചിലരെ കൊലപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. മറ്റുചിലരെ ക്രൂരമായി പീഡിപ്പിച്ച് അമേരിക്കക്കെതിരെ തന്നെ ഇവരെ ഉപയോഗിക്കുന്നുണ്ടെന്നും അമേരിക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇത്തരം നിരവധി സംഭവങ്ങളാണ് ഇന്റലിജന്‍സിന്റെ ശ്രദ്ധയില്‍പെട്ടത്. ഈ സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ ചാരന്മാരെ റിക്രൂട്ട് ചെയ്യുന്നതിന് അമേരിക്കന്‍ ചാരഏജന്‍സികള്‍ കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളില്‍ റഷ്യ, ചൈന, ഇറാന്‍, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളിലെ എതിരാളികളായ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ സിഐഎയുടെ പ്രധാന ഉറവിടങ്ങളെ വേട്ടയാടുകയും ചില സന്ദര്‍ഭങ്ങളില്‍ അവരെ ഇരട്ട ഏജന്റുകളാക്കി മാറ്റുകയും ചെയ്യുന്നുണ്ടെന്നാണ് അമേരിക്കന്‍ ഇന്റലിജന്‍സ് വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന വിവരം.
മിക്കപ്പോഴും എതിരാളികളായ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കണ്ടെത്തുന്ന വിവരദാതാക്കളെ അറസ്റ്റ് ചെയ്യാറില്ല. പകരം അവരെ സിഐഎയ്ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുന്ന ഇരട്ട ഏജന്റുമാരാക്കി മാറ്റുകയാണ് പതിവ്. ഇതിന് വിസമ്മതിക്കുന്നവരെ കൊലപ്പെടുത്തുന്നതാണ് രീതി. തെറ്റായ വിവരങ്ങള്‍ ലഭിക്കുന്നത് അമേരിക്കന്‍ രഹസ്യാന്വേഷണ വിവരശേഖരണത്തിലും വിശകലനത്തിലും വലിയ പ്രത്യാഘാതങ്ങളും സുരക്ഷാ വീഴ്ചകളും ഉണ്ടാക്കുമെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍.
ഇത്തരം തെറ്റായ വിവരങ്ങള്‍ ഏറ്റവുമധികം ലഭിക്കുന്നത് പാകിസ്താനില്‍ നിന്നാണെന്നും മുന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വിദേശ സര്‍ക്കാരുകള്‍ക്ക് വേണ്ടി ജോലിചെയ്യുന്നതിനെതിരെ സിഐഎയുടെ കൗണ്ടര്‍ ഇന്റലിജന്‍സ് അസിസ്റ്റന്റ് ഡയറക്ടറായ ശീതള്‍ പട്ടേല്‍ നിലവിലുള്ള സിഐഎ ഉദ്യോഗസ്ഥര്‍ക്കും മുന്‍ ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി കത്ത് അയച്ചതായാണ് വിവരം. ഇത് ലംഘിച്ചാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
എതിരാളികളായ രഹസ്യാന്വേഷണ ഏജന്‍സികള്‍ കൊലപ്പെടുത്തിയ ഏജന്റുമാരുടെ എണ്ണവും ഒരു അതീവ രഹസ്യ സന്ദേശ കേബിള്‍ വഴി പങ്കിട്ട വിശദാംശങ്ങളില്‍ ഉന്നത ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. സാധാരണയായി രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ഇത്തരം രഹസ്യ സന്ദേശങ്ങളില്‍ പങ്കിടാത്ത ഒരു സൂക്ഷ്മ വിശദാംശമാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല