സ്വന്തം ലേഖകന്‍: അരുണ്ടാചല്‍ പ്രദേശ് തങ്ങളുടേതെന്ന അവകാശ വാദവുമായി ചൈന വീണ്ടും, അരുണാചലിലെ ആറു സ്ഥലങ്ങള്‍ക്ക് പുതിയ പേരിട്ടു. വടക്കു കിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ ആറു സ്ഥലങ്ങള്‍ക്ക് ചൈനിസ് അക്ഷരങ്ങള്‍, റോമന്‍, ടിബറ്റന്‍ അക്കങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് പുതിയ പേരുകള്‍ നല്‍കിയിരിക്കുന്നത്. അരുണാചല്‍ പ്രദേശിനുമേല്‍ ചൈന കാലാകാലങ്ങളായി അവകാശവാദം ഉന്നയിക്കുന്നുണ്ട്.
അരുണാചല്‍ പ്രദേശില്‍ തങ്ങള്‍ക്കുള്ള പരമാധികാരം ഇന്ത്യയെ ബോധ്യപ്പെടുത്താനാണ് പുതിയ നടപടിയെന്നാണ് ചൈനീസ് വാദമെങ്കിലും ടിബറ്റ് ആത്മീയാചാര്യന്‍ ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനത്തോടുള്ള എതിര്‍പ്പാണ് ഇപ്പോഴത്തെ നീക്കത്തിനു കാരണമെന്നാണ് സൂചന. ഒന്‍പതു ദിവസത്തെ സന്ദര്‍ശനത്തിനുശേഷം ദലൈലാമ അരുണാചലില്‍നിന്നു തിരിച്ചതിനു പിറ്റേന്നാണ് പേരുമാറ്റിയത്. ഏപ്രില്‍ നാലു മുതല്‍ ഒന്‍പതു ദിവസം നീണ്ടു നില്‍ക്കുന്നതായിരുന്നു ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനം.
Wo’gyainling, Mila Ri, Qoidêngarbo Ri, Mainquka,Bümo La and Namkapub Ri. തുടങ്ങിയവയാണ് പുതിയ പേരുകള്‍. ഏപ്രില്‍ 14 നാണ് പ്രദേശങ്ങള്‍ക്ക് പുതിയ പേരുകള്‍ ചൈനീസ് സിവില്‍ അഫയേഴ്‌സ് മന്ത്രാലയം നല്‍കിയത്. ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. പണ്ടുമുതലേ ഈ പേരുകള്‍ നിലവിലുണ്ടായിരുന്നതാണെന്നും ഇതുവരെ ഏകീകരിക്കപ്പെടാതിരുന്നതാണെന്നും ചൈനീസ് വിദഗ്ദര്‍ ന്യായീകരിക്കുന്നുമുണ്ട്.
ചൈന ഔദ്യോഗികമായി തെക്കന്‍ ടിബറ്റ് എന്ന് വിളിക്കുന്ന ടിബറ്റിനോടു ചേര്‍ന്നു കിടക്കുന്ന അരുണാചല്‍ ഇന്ത്യ അനധികൃതമായി കൈവശം വച്ചിരിക്കുന്നുവെന്നാണ് ചൈനയുടെ നിലപാട്. ചൈനയുടെ ഔദ്യോഗിക ഭൂപടത്തില്‍ ഈ പ്രദേശം തെക്കന്‍ ടിബറ്റിന്റെ ഭാഗമായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതും. 1962 ലെ ഇന്തോ ചൈന യുദ്ധം അക്‌സായി ചിന്‍, അരുണാചല്‍ പ്രദേശ് അതിര്‍ത്തി തര്‍ക്കങ്ങള്‍ മൂര്‍ഛിച്ചതായിരുന്നു. ആറ് പതിറ്റാണ്ടായി ഇന്ത്യയും ചൈനയും ഈ മേഖലയില്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല