സ്വന്തം ലേഖകൻ: അമേരിക്കന്‍ സൈനിക വിവരങ്ങള്‍ ചോര്‍ത്താന്‍ ക്യൂബയില്‍ ചൈനീസ് ചാരനീരീക്ഷണകേന്ദ്രം പ്രവര്‍ത്തിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ ഭരണകൂടത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്. കുറഞ്ഞത് നാലുവര്‍ഷമെങ്കിലുമായി ഇത് പ്രവര്‍ത്തിച്ചുവരുന്നുവെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഉദ്യോഗസ്ഥന് അന്തര്‍ദേശീയ മാധ്യമത്തോട് പറഞ്ഞു. ഇത് അമേരിക്കന്‍ ഇന്റലിജന്‍സിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
2019 മുതലോ അതിന് മുമ്പോ മുതൽ ചൈനീസ് ചാരനിരീക്ഷണകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് കൃത്യമായ രേഖകളുണ്ട്. ചാരനിരീക്ഷണം വ്യാപിപ്പിക്കാനുള്ള ചൈനയുടെ നടപടികളെ ബൈഡന് ഭരണകൂടം ചെറുക്കുന്നുണ്ട്. നയതന്ത്രബന്ധങ്ങളിലൂടെയും ചിലത് വെളിപ്പെടുത്താന്‍ കഴിയാത്ത മറ്റു നടപടികളിലൂടെയും ഇത്തരം നടപടികള്‍ വളരെ മുന്നോട്ട് പോയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ക്യൂബയില്‍ ചൈനീസ് ചാരകേന്ദ്രം സ്ഥാപിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയെന്ന വാള്‍സ്ട്രീറ്റ് ജേണല്‍ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് അമേരിക്കന്‍ ഭരണകൂടത്തിലെ ഉദ്യോഗസ്ഥന്റെ സ്ഥിരീകരണം. പദ്ധതിയുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെ ഉദ്ധരിച്ചായിരുന്നു വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട്. ഇതിനായി ശതകോടിക്കണക്കിനു ഡോളര്‍ ചൈന ക്യൂബയ്ക്ക് നല്‍കിയെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു.
എന്നാല്‍, വാര്‍ത്ത തള്ളി യുഎസ് ഭരണകൂടവും ക്യൂബന്‍ സര്‍ക്കാരും രംഗത്തെത്തിയിരുന്നു. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചു. അപകീര്‍ത്തികരമായ അപവാദപ്രചാരണമാണ് ചില മാധ്യമസ്ഥാപനങ്ങള്‍ നടത്തുന്നതെന്നായിരുന്നു ക്യൂബന്‍ വിദേശകാര്യമന്ത്രി കാര്‍ലോസ് ഫെര്‍ണാണ്ടസ് ഡി കോസിയോയുടെ പ്രതികരണം. അപവാദപ്രചാരണം അമേരിക്കയുടെ സ്ഥിരം തന്ത്രമാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് വാങ് വെന്‍ബിന്‍ പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല