സ്വന്തം ലേഖകന്‍: ‘ദാ വരുന്നു, ബോംബുകളുടെ അമ്മ,’ അത്യുഗ്രന്‍ പ്രഹരശേഷിയുള്ള ബോംബ് വികസിപ്പിച്ച് ചൈന; അമേരിക്കയ്ക്കുള്ള മറുപടിയെന്ന് റിപ്പോര്‍ട്ടുകള്‍. ആണവ ഇതര ആയുധങ്ങളില്‍ ഏറ്റവും കരുത്തുള്ള ബോംബ് വികസിപ്പിച്ച് ചൈന. ചൈനീസ് പ്രതിരോധ മേഖലയിലെ വമ്പന്മാരായ നോര്‍ത്ത് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ് കോര്പറേഷന് ലിമിറ്റഡ് ആണ് ബോംബ് വികസിപ്പിച്ചിരിക്കുന്നത്. അത്യുഗ്രന്‍ പ്രഹരശേഷിയുള്ള ബോംബുകളെ ‘ബോംബുകളുടെ മാതാവ്’ എന്നാണ് അവര്‍ വിശേഷിപ്പിച്ചത്.
ബോംബിന്റെ പ്രഹരശേഷി വെളിപ്പെടുത്തുന്ന വിഡിയോയും നോറിന്‍കോ പുറത്തുവിട്ടിട്ടുണ്ട്. എച്ച്6കെ ബോംബര്‍ ഉപയോഗിച്ചു സ്ഫോടനം നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് നോറിന്കാ വെബ്സൈറ്റിലൂടെ പുറത്തുവിട്ടത്. ഇതാദ്യമായാണ് ഒരു രാജ്യം പുതിയതായി വികസിപ്പിച്ചെടുത്ത ബോംബിന്റെ പ്രഹരശേഷി പൊതുജനങ്ങള്‍ക്കു വെളിപ്പെടുത്തുന്നത്. 2017ല്‍ അഫ്ഗാനിസ്ഥാനില്‍ ഐഎസ് ഭീകരര്‍ക്കെതിരെ അമേരിക്ക വര്‍ഷിച്ച ജിബിയു43/ബി ബോംബ്, ‘ബോംബുകളുടെ മാതാവ്’ എന്ന പേരിലാണ് അറിയപ്പെട്ടത്. ഇതിനു ബദലായാണ് ചൈനയുടെ ബോംബ് നിര്‍മാണം.
ജിബിയു43/ബി യെ അപേക്ഷിച്ച് വലുപ്പവും ഭാരവും കുറഞ്ഞതാണ് ചൈനയുടെ ബോംബ്. എന്നാല്‍ ഇതുതന്നെയാണ് ബോംബിന്റെ പ്രഹരശേഷിയും കരുത്തും വര്‍ധിപ്പിക്കുന്നതെന്നു ചൈനീസ് സൈനിക നിരീക്ഷകനായ വിവേ ഡോങ്ഷു പറഞ്ഞു. വലിയ യുദ്ധവിമാനങ്ങള്‍ക്കു മാത്രമേ ജിബിയു43/ബിയെ വഹിക്കാന്‍ സാധിക്കു. എന്നാല്‍ ചൈനയുടെ ബോംബ് ചെറിയ ബോംബറുകളില്‍ വിന്യസിക്കാനും അനായാസം ലക്ഷ്യസ്ഥാനത്ത് എത്തിക്കാനും കഴിയും. അടിയന്തരഘട്ടങ്ങളില്‍ വനപ്രദേശങ്ങളില്‍ ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് ലാന്‍ഡ് ചെയ്യാനുള്ള സ്ഥലം ഒരുക്കാനും ബോംബ് ഉപയോഗിച്ചു സാധിക്കുമെന്ന് ഡോങ്ഷു പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല