സ്വന്തം ലേഖകന്‍: ചൈന അയല്‍ക്കാരുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു; എന്നാല്‍ രാജ്യത്തിന്റെ പരമാധികാരത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി നല്ല അയല്‍ബന്ധവും സൗഹൃദവുമാണ് ചൈന ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി രാജ്യത്തിന്റെ പരമാധികാരത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും പ്രഖ്യാപിച്ചു. വിവിധ ലോകരാജ്യങ്ങളുമായി കഴിഞ്ഞ വര്‍ഷം ചൈന പുലര്‍ത്തിയ ബന്ധത്തെക്കുറിച്ചും നയതന്ത്ര ഇടപെടലുകളെക്കുറിച്ചും വിശദമായി എഴുതിയ ലേഖനത്തിലാണ് വാങ് യി ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചും പ്രതിപാദിച്ചത്.
ദോക് ലാമില്‍നിന്ന് ഇന്ത്യ ൈസന്യത്തെയും യുദ്ധസന്നാഹങ്ങളും പിന്‍വലിച്ചത് ചൈനയുടെ നയതന്ത്ര നീക്കത്തിന്റെ ഫലമാണെന്നും ‘ചൈനീസ് ഇന്റര്‍നാഷണല്‍ സ്റ്റഡീ’സില്‍ എഴുതിയ ലേഖനത്തില്‍ വാങ് യി അവകാശപ്പെട്ടു. ചൈനീസ് വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ‘ചൈന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ്’ പുറത്തിറക്കുന്ന മാസികയാണിത്. ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ മുഖാമുഖമെത്തിയ ദോക് ലാ സംഘര്‍ഷത്തില്‍ ഏറ്റവും നിയന്ത്രണത്തോടെയാണ് ചൈനീസ് സൈന്യം പെരുമാറിയത്.
ഇന്ത്യയുമായി ചൈനയ്ക്കുള്ള മികച്ച നയതന്ത്ര ബന്ധമാണ് ഇതിനു കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ രണ്ട് അയല്‍ക്കാരെന്ന നിലയിലും രണ്ട് പരമ്പരാഗത സംസ്‌കാരങ്ങളെന്ന നിലയിലും ഇന്ത്യയും ചൈനയും അടുത്ത ബന്ധമാണ് കാത്തുസൂക്ഷിക്കുന്നതെന്നും വാങ് യി ലേഖനത്തില്‍ കുറിച്ചു. അതേസമയം, രാജ്യത്തിന്റെ പരമാധികാരം ആര്‍ക്കും അടിയറവു വയ്ക്കില്ലെന്നും വാങ് യി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല