സ്വന്തം ലേഖകന്‍: ചൈനക്കു മേല്‍ ആഞ്ഞടിക്കാന്‍ ചാന്‍ ഹോം ചുഴലിക്കാറ്റ്, പത്തു ലക്ഷം പേരെ ഒഴിപ്പിച്ചു. നൂറുകണക്കിന് വിമാനങ്ങള്‍ ഇതിനകം റദ്ദു ചെയ്തു. കാറ്റിനു മുന്നോടിയായി ശക്തമായ വേലിയേറ്റവും വെള്ളപ്പൊക്കവും ചൈനയെ ദുരിതത്തിലാക്കുകയാണ്.
തീര പ്രദേശങ്ങളില്‍ അതി ശക്തമായ തിരകളാണ് കാറ്റിന്റെ തുടക്കത്തോടെ രൂപപ്പെട്ടത്. ചാന്‍ ഹോം ചുഴലിക്കാറ്റ് ശനിയാഴ്ച രാത്രിയോടെ തീരത്തെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഇപ്പോഴത്തെ ഇതേ തീവ്രതയോടെയാണ് കരയിലെത്തുന്നതെങ്കില്‍ 1949 നുശേഷം ചൈന നേരിടുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റായിരിക്കും ഇത്. ഞായറാഴ്ച കാറ്റ് അതി ശക്തമായി വീശുമെന്നാണ് സൂചന. ഇന്നലെ രാത്രി തുടങ്ങിയ കാറ്റിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ചൈനയുടെ വിവിധ പ്രദേശങ്ങളില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും രൂക്ഷമായി. നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധവും ഗതാഗതവും താറുമാറായി.
ഔദ്യോഗിക കണക്ക് പ്രകാരം പത്തുലക്ഷത്തോളം പേരെ ഇതിനകം ഒഴിപ്പിച്ചു. റുയിന്‍, ഷൗഷാന്‍, തെക്കന്‍ ഷാങ്ഗായ് എന്നിവിടങ്ങളില്‍ നിന്ന് ഏതാണ്ട് എട്ട് ലക്ഷം പേരെ സുരക്ഷിതമായ സ്ഥലങ്ങളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 28,764 കപ്പലുകളോട് കരയിലേയ്ക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നൂറിലേറെ ട്രെയിനുകളുടെ സര്‍വീസ് റദ്ദാക്കി. ഹാങ്ഷൗവിലേയ്ക്കുള്ള 388 വിമാന സര്‍വീസും നിങ്‌ബോയിലേയ്ക്കുള്ള 34 വിമാന സര്‍വീസും വെന്‍ഷൗവിലേയ്ക്കുളള 37 സര്‍വീസും താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. ചാന്‍ ഹോം ഇപ്പോള്‍ ഷാങ്ഗായിക്ക് തെക്ക് കിഴക്കായി 250 മൈല്‍ അകലെയാണ് കരുത്താര്‍ജിച്ച് എത്തിയിരിക്കുന്നത്. ഇത് മണിക്കൂറില്‍ 105 കിലോമീറ്റര്‍ വേഗതയില്‍ വീശുമെന്നാണ് കണക്കാക്കുന്നത്. ഷെജിയാങ് പ്രവിശ്യയില്‍ ഇപ്പോള്‍ തന്നെ മണിക്കൂറില്‍ 74 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുന്നുണ്ട്. കാറ്റു വീശുന്ന പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഇതിനകം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല