1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2023

സ്വന്തം ലേഖകൻ: ഇന്ത്യന്‍ ഭൂഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പുതിയ ഭൂപടം പുറത്തുവിട്ട് ചൈന. അരുണാചല്‍ പ്രദേശ്, അക്‌സായ് ചിന്‍, തയ്‌വാന്‍, തര്‍ക്കം നിലനില്‍ക്കുന്ന ദക്ഷിണ ചൈനാക്കടല്‍ തുടങ്ങിയ സ്ഥലങ്ങള്‍ തങ്ങളുടെ പ്രദേശമായി രേഖപ്പെടുത്തിക്കൊണ്ടുള്ള ഭൂപടമാണ് പുറത്തുവിട്ടിരിക്കുന്നത്. ചൈനീസ് സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമമായ ‘ഗ്ലോബല്‍ ടൈംസ്’ ആണ് സംഭവം റിപ്പോർട്ട് ചെയ്തത്.

ചൈന ദക്ഷിണ ടിബറ്റ് എന്നവകാശപ്പെടുന്ന ഇന്ത്യയുടെ അരുണാചല്‍ പ്രദേശ്, 1962-ലെ യുദ്ധത്തില്‍ പിടിച്ചടക്കിയ അക്‌സായ് ചിന്‍ എന്നീ പ്രദേശങ്ങള്‍ ഭൂപടത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പരമാധികാരമുള്ള രാജ്യം എന്ന് അവകാശപ്പെടുന്ന തയ്‌വാന്‍, സൗത്ത് ചൈനാക്കടലിന്റെ വലിയ ഭാഗമാണെന്നവകാശപ്പെടുന്ന നയന്‍ ഡാഷ് ലൈൻ എന്നിവയും ചൈന പുറത്തിറക്കിയ ഭൂപടത്തിലുണ്ട്.

ചൈനയുടെ അവകാശവാദങ്ങളുടെ പൊള്ളത്തരങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി രംഗത്തെത്തി. നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യയുടെ 2,000 ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശം ചൈന കൈവശംവെച്ചിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ പ്രസിഡന്റ് ഷീ ജിന്‍പിങ്ങിനെ ജി-20 ഉച്ചകോടിയിലേക്ക് ബി.ജെ.പി. സര്‍ക്കാര്‍ വിരുന്നൊരുക്കി സ്വീകരിക്കേണ്ടതുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

ഈ മാസം ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്ബര്‍ഗില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ മോദിയും ഷി ജിന്‍ പിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തര്‍ക്കമേഖലകളിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ വിശാലവും ആഴത്തിലുള്ളതുമായ ചര്‍ച്ചകള്‍ ഇരുനേതാക്കളും നടത്തിയതായി ഇരുവരുടെയും കൂടിക്കാഴ്ചയെക്കുറിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു. പിന്നാലെയാണ് ചൈന ഇന്ത്യയുടെ ഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള ഭൂപടം പുറത്തുവിട്ടിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.