സ്വന്തം ലേഖകന്‍: ചൈനയുടെ ആദ്യ വനിതാ യുദ്ധ വിമാന പൈലറ്റുമാരില്‍ ഒരാളായ യൂ സൂവിന് ദാരുണാന്ത്യം. ചൈനീസ് യുദ്ധവിമാനമായ ജെ10 പറത്തിയ ആദ്യ വനിതാ പൈലറ്റായിരുന്ന യൂ സൂ (30) ഉത്തര പ്രവിശ്യയായ ഹെബീയില് കഴിഞ്ഞ വാരാന്ത്യത്തില്‍ നടന്ന പരിശീലനത്തിനിടെയാണ് കൊല്ലപ്പെട്ടതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൈനീസ് എയര്‍ഫോഴ്സിന്റെ ‘ഓഗസ്റ്റ് ഫസ്റ്റ്’ എയ്റോബാറ്റിക് ഡിസ്പ്ലെ ടീമില്‍ അംഗമായിരുന്ന യു സൂ വിമാനത്തില്‍ നിന്ന് ചാടുന്നതിനിടെ മറ്റൊരു വിമാനത്തിന്റെ ചിറകില്‍ ഇടിക്കുകയായിരുന്നു. യു സുവിനൊപ്പമുണ്ടായിരുന്ന മറ്റൊരു പുരുഷ പൈലറ്റ് സുരക്ഷിതനായി നിലത്തിറങ്ങി.
ചൈനീസ് വ്യോമസേനയില്‍ യുദ്ധവിമാനം പറത്തി യോഗ്യത തെളിയിച്ച നാലു വനിതകളില്‍ ഒരാളായിരുന്നു യു സു. അവരുടെ വിയോഗം ചൈനീസ് വ്യോമസേനയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് ഗ്ലോബല്‍ ടൈംസ് ന്യൂസ്പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്തു.
2005 ലാണ് യു സു പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയില്‍ ചേര്‍ന്നത്. നാലു വര്‍ഷത്തെ പരിശീലനത്തിനു ശേഷമാണ് യു സു അടക്കം 16 വനിതകള്‍ യുദ്ധ വിമാനം പറത്താന്‍ യോഗ്യത നേടിയത്. അവരില്‍ ജെ10 പറത്താന്‍ കഴിഞ്ഞ ആദ്യ വനിതയുമായിരുന്നു യു സു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല