സ്വന്തം ലേഖകന്‍: മാവോയ്‌ക്കൊപ്പം ഷി ജിന്‍പിംഗിനെ പ്രതിഷ്ഠിച്ച് പത്തൊമ്പതാം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനം. ചൈനീസ് പ്രസിഡന്റും കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ഷി 2022 വരെ അധികാരം ഉറപ്പാക്കുകയും ചെയ്തു. ‘പുതിയ കാലത്തിനായി ചൈനീസ് സ്വഭാവത്തോടെയുള്ള സോഷ്യലിസം സംബന്ധിച്ച ഷി ചിന്‍പിംഗിന്റെ ചിന്തകള്‍’ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചാണ് കോണ്‍ഗ്രസ് പിരിഞ്ഞത്.
ഇതോടെ മാവോയ്ക്കു ശേഷം പാര്‍ട്ടിയില്‍ ഏറ്റവും കരുത്തനായ നേതാവായി ഷി പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു. ജീവിച്ചിരിക്കവെ സ്വന്തം പേരിലുള്ള ചിന്ത ഭരണഘടനയില്‍ പെടുത്താന്‍ മാവോയ്ക്കു മാത്രമേ കഴിഞ്ഞിട്ടുള്ളൂ. മാവോയുടെ പിന്‍ഗാമി ഡെംഗ് സിയാവോ പിംഗിന്റെ പേരിലുള്ള ചിന്തകള്‍ ഭരണഘടനയില്‍ ചേര്‍ത്തതു ഡെംഗിന്റെ മരണ ശേഷമാണ്. മറ്റു രണ്ടു കരുത്തന്മാരായ ജിയാംഗ് സെമിന്‍, ഹു ജിന്‍ടാവോ എന്നിവരുടെ ചിന്ത ചേര്‍ത്തെങ്കിലും അവരുടെ പേര് ഭരണഘടനയില്‍ പെടുത്തിയിട്ടില്ല.
2336 അംഗങ്ങള്‍ കോണ്‍ഗ്രസില്‍ പങ്കെടുത്തു. ഏകകക്ഷി ഭരണം ഉയര്‍ത്തിപ്പിടിക്കുക, പാര്‍ട്ടി അച്ചടക്കം വര്‍ധിപ്പിക്കുക, പാര്‍ട്ടിയും ഗവണ്‍മെന്റുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുക, സാന്പത്തിക വികസനത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണം ഏറ്റെടുക്കുക, വികസനം കുറേക്കൂടി സന്തുലിതമാക്കുക, സമൂഹത്തില്‍ പാര്‍ട്ടിയുടെ സൈദ്ധാന്തിക സ്വാധീനം വളര്‍ത്തുക, സൈനികശക്തി പുതിയ വെല്ലുവിളികള്‍ക്കനുസരിച്ച് വര്‍ധിപ്പിക്കുക തുടങ്ങിയ ആശയങ്ങളാണ് ഷിയുടെ ചിന്തകളായി ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല