സ്വന്തം ലേഖകന്‍: പാകിസ്താന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അമേരിക്കന്‍ മാതൃകയില്‍ സൈനിക താവളങ്ങള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി ചൈന. 2016 1,80,000 കോടി ഡോളറിന്റെ നിക്ഷേപമാണ് പ്രതിരോധവുമായി ബന്ധപ്പെട്ട് ചൈന മറ്റുരാജ്യങ്ങളില്‍ നടത്തിയിരിക്കുന്നതെന്നും അമേരിക്കന്‍ കോണ്‍ഗ്രസിനു മുന്നില്‍ സമര്‍പ്പിക്കപ്പെട്ട വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ചൈനയുമായി ദീര്‍ഘകാല സൗഹൃദം പുലര്‍ത്തുന്നതും സമാന നിലപാടുകളുള്ളതുമായ രാജ്യങ്ങളിലാണ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുക. എന്നാല്‍ ഇത്തരത്തിലൊരു നീക്കം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അപകടകരമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ചൈനയുടെ പടിഞ്ഞാറന്‍ പ്രദേശത്തെ പാകിസ്താനിലെ ഗ്വാദാര്‍ തുറമുഖവുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഇതില്‍ പ്രധാനം.
ഇന്ത്യയുടെ ശക്തമായ എതിര്‍പ്പ് വകവെക്കാതെ ചൈന പദ്ധതിയുമായി മുന്നോട്ടു പോകുകയായിരുന്നു. ഗ്വാദാര്‍ തുറമുഖത്തെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമേ ഉപയോഗിക്കൂ എന്ന് ചൈന വ്യക്തമാക്കുന്നുണ്ടെങ്കിലും അറബിക്കടലിലെ മറ്റ് തന്ത്രപ്രധാന തുറമുഖങ്ങളെ ഭാവിയില്‍ സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചേക്കാം എന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു.
ആഫ്രിക്കന്‍ രാജ്യമായ ജിബൗട്ടിയിലാണ് ഇതര രാജ്യത്തുള്ള ചൈനയുടെ ആദ്യത്തെ സൈനിക താവളം നിര്‍മിച്ചത്. സൂയസ് കനാലിലേയ്ക്കുള്ള പാതയിലാണ് ചൈനയുടെ ഈ സൈനിക താവളം സ്ഥിതിചെയ്യുന്നത്. കൃത്രിമ ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് സാങ്കേതിക രംഗത്തും ചൈന വലിയ മുന്നേറ്റം ഉണ്ടാക്കുകയാണെന്നും അമേരിക്കന്‍ സര്‍ക്കാരിന്റെ കീഴിലുള്ള കമ്പ്യൂട്ടറുകളെ സൈബര്‍ ചാരപ്രവര്‍ത്തനത്തിലൂടെ നിരീക്ഷിക്കുന്നതായും വിവരങ്ങള്‍ ചോര്‍ത്തിയതായും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല