![](https://www.nrimalayalee.com/wp-content/uploads/2022/12/Chinese-Couple-Devises-A-Hack-Shopping-COVID-19-Surge.jpeg)
സ്വന്തം ലേഖകൻ: ചൈനയിൽ കോവിഡ് കണക്കുകൾ ദിനംപ്രതി വര്‍ധിച്ചു വരികയാണ്. ആശുപത്രികളും ശ്മശാനങ്ങളും നിറയുകയാണ്. കഴിഞ്ഞ ആഴ്ച ഒരുദിവസം 37 മില്യൻ ആളുകൾക്ക് കോവിഡ്–19 സ്ഥിരീകരിച്ചതായാണ് ഗവൺമെന്റിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിനിടെ ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. ഇപ്പോൾ പച്ചക്കറി വാങ്ങുന്നതിനായി മാർക്കറ്റിലെത്തിയ ദമ്പതികളുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
അതീവ സുരക്ഷാ കവചം ധരിച്ചാണ് ഇവർ മാർക്കറ്റിലെത്തിയത്. ചൈനയിലെ സ്ഥിതി എത്രമാത്രം ഭീതിതമാണെന്ന് ലോകത്തെ അറിയിക്കുന്നതാണ് വിഡിയോ. പ്ലാസ്റ്റിക് ബാഗിനുള്ളിൽ കാൽ മുതൽ തലവരെ മൂടുന്ന പ്ലാസ്റ്റിക് ബാഗിനുള്ളിൽ കയറിയാണ് ദമ്പതികൾ മാര്‍ക്കറ്റിലിറങ്ങി പച്ചക്കറി വാങ്ങുന്നത്.
സ്ത്രീ ചെറുതായി ബാഗ് തുറന്ന് പെട്ടെന്നു തന്നെ പച്ചക്കറി വാങ്ങി പ്ലാസ്റ്റിക് ബാഗിന് അകത്തേക്കു കയറുന്നതും വിഡിയോയിൽ കാണാം. പച്ചക്കറി വാങ്ങി പണം നൽകുന്നതും വളരെ ശ്രദ്ധയോടെയാണ്. പിന്നീട് പ്ലാസ്റ്റിക് ബാഗിനകത്തു കയറി നടന്നു നീങ്ങുന്നതും കാണാം. പ്യൂപ്പിൾസ് ഡെയ്‌ലി ചൈനയാണ് വിഡിയോ പങ്കുവച്ചത്.
‘കൊറോണ വൈറസ് പകരുന്നത് തടയുന്നതിനായി ചൈന സ്വീകരിക്കുന്ന മാർഗങ്ങൾ.’– എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. ട്വിറ്ററിലെത്തിയ വിഡിയോ നിരവധി പേർ റിട്വീറ്റ് ചെയ്തു. വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. ‘പച്ചക്കറി വഴിയും കൊറോണ പകരുമോ.’– എന്നാണ് ഒരാളുടെ ചോദ്യം.
‘വിവാഹത്തിൽ പങ്കെടുക്കുമ്പോൾ പോലും നമ്മൾ ഇപ്പോൾ മാസ്ക് ഉപയോഗിക്കുന്നില്ല.’– എന്നായിരുന്നു മറ്റൊരു കമന്റ്. സുരക്ഷാ മാനദണ്ഡങ്ങൾ അനിവാര്യമാണ്. പക്ഷേ, ഈ പ്ലാസ്റ്റിക് ബാഗ് സുരക്ഷ ഉറപ്പു വരുത്തുന്നുണ്ടോ. ഇത് മഴയില്‍ നിന്നും സുരക്ഷ നൽകുമായിരിക്കും. പക്ഷേ,വൈറസിൽ നിന്ന് സുരക്ഷ ലഭിക്കുമോ?’– എന്ന രീതിയിലും കമന്റുകൾ എത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല