സ്വന്തം ലേഖകന്‍: അരുണാചല്‍ പ്രദേശിലെ ജനങ്ങളുടേത് നരക ജീവിതമാണെന്നും അവര്‍ ചൈനയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നതായും ചൈനീസ് പത്രം. അരുണാചല്‍ പ്രദേശിലെ ജനങ്ങള്‍ ദുരിതജീവിതം നയിക്കുകയാണെന്ന് പറയുന്ന ചൈനീസ് മാധ്യമമായ ചൈനീസ് ഡെയ്‌ലി അവര്‍ ഇന്ത്യയുടെ നിയമവിരുദ്ധമായ ഭരണത്തില്‍ അസംതൃപ്തര്‍ ആണെന്നും അതിനാല്‍ ചൈനയിലേക്ക് നീങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.
ദലൈലാമയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തെ എതിര്‍ത്തിരുന്ന ചൈന മുമ്പും അരുണാചലിനു മേല്‍ അവകാശം ഉന്നയിച്ചിട്ടുണ്ട്. ദക്ഷിണ തിബറ്റ് എന്ന വിളിപ്പേരുള്ള തവാങ്ങ് ദലൈലാമ സന്ദര്‍ശിക്കുന്നതിനെതിരെയും അതിന് അവസരമൊരുക്കുന്ന ഇന്ത്യന്‍ നിലപാടിനെയും ചൈന എതിര്‍ത്തു. ആ എതിര്‍പ്പിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ചൈനീസ് മുഖപത്രത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.
‘ഇന്ത്യയുടെ അനധികൃത ഭരണത്തിന് കീഴില്‍ ദക്ഷിണ തിബറ്റിലെ ജനങ്ങള്‍ ദുരിത ജീവിതം നയിക്കുകയാണ്. വലിയ വിവേചനം അനുഭവിക്കുന്നു. അതിനാല്‍ തന്നെ ജനങ്ങള്‍ ചൈനയിലേക്ക് തിരിച്ച് വരാന്‍ ആഗ്രഹിക്കുന്നു.’ ചൈനീസ് ഡെയ്‌ലിയുടെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
ദലൈലാമയ്‌ക്കെതിരെയും പത്രം രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുന്ന പത്രം ചരിത്രം പതിനാലാമത് ദലൈലാമയെ പ്രശ്‌നക്കാരനായി രേഖപ്പെടുത്തുമെന്ന് കുറ്റപ്പെടുത്തുന്നു.
പ്രദേശത്തെ സമാധാനം തകര്‍ത്ത് രാജ്യത്തെയും ജനതയെയും വഞ്ചിച്ചതിനുള്ള സാക്ഷ്യമാണ് ദലൈലാമയുടെ ഇന്ത്യന്‍ വാസമെന്നും ചൈനീസ് പത്രം ആരോപിക്കുന്നു. താന്‍ ഇന്ത്യയുടെ മകനാണെന്ന് 20 തവണയിലധികം ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞിരിക്കുന്നു അദ്ദേഹം. ഇന്ത്യയുടെ മകനാണെന്ന് ഇത്തരത്തില്‍ ആവര്‍ത്തിച്ച് പറഞ്ഞ് ഒടുവില്‍ ആ പ്രദേശത്തെ തന്നെ ഇന്ത്യയ്ക്ക വില്‍ക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. ചൈന ഇന്ത്യ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ കൂടുതല്‍ തടസം സൃഷ്ടിക്കുക മാത്രമാണ് ദലൈലാമ ചെയ്യുന്നതെന്നും പത്രം പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല