സ്വന്തം ലേഖകന്‍: പാകിസ്താന്‍ തീവ്രവാദത്തിന്റെ ഇരയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി, പ്രിയ സുഹൃത്തിനെ കൈവിടാതെ മുറുകെപ്പിടിച്ച് ചൈന. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അഫ്ഗാന്‍ നയ പ്രഖ്യാപനത്തില്‍ രൂക്ഷമായ വിമര്‍ശനത്തിനു വിധേയമായതിനു ശേഷം അന്താരാഷ്ട്ര രംഗത്ത് ഒറ്റപ്പെട്ട പാകിസ്താന് ചൈന പിന്തുണയുമായെത്തി.
പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫും ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ തീവ്രവാദത്തിനെതിരേ പാക്കിസ്ഥാന്‍ സ്വീകരിക്കുന്ന നടപടികളെ ചില രാജ്യങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രി പറഞ്ഞു. ചൈനകൂടി അംഗമായ ബ്രിക്‌സ് രാജ്യങ്ങളുടെ കൂട്ടായ്മ ഏതാനും ദിവസങ്ങള്‍ക്കു മുന്പാണു പാക്കിസ്ഥാനിലെ തീവ്രവാദ സംഘടനകള്‍ക്ക് എതിരെ ശക്തമായ നിലപാടെടുത്തത്.
എന്നാല്‍ പാകിസ്താന്‍ നല്ല സഹോദര രാജ്യവും ഉറ്റസുഹൃത്തുമാണെന്നും ചൈനയെക്കാള്‍ നന്നായി ആര്‍ക്കും പാകിസ്താനെ അറിയില്ലെന്നും വാംഗ് യി വ്യക്തമാക്കി. തീവ്രവാദത്തിന്റെ ഇരയാണ് പാകിസ്താന്‍. തീവ്രവാദത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ പാകിസ്താന്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. ചില രാജ്യങ്ങള്‍ ഇക്കാര്യം മനസ്സിലാക്കണമെന്നും ചൈനീസ് വിദേശാമാര്യ മന്ത്രി പറഞ്ഞു.
തീവ്രവാദത്തെ പാക്കിസ്ഥാന്‍ സഹായിക്കുന്നതായി അഫ്ഗാന്‍ നയത്തില്‍ ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. അഫ്ഗാനിലേക്ക് അധികമായി 3,500 സൈനികരെ അയയ്ക്കാനും തീരുമാനിച്ചു. പാക്കിസ്ഥാനുള്ള 2,250 ലക്ഷം ഡോളറിന്റെ സഹായം റദ്ദാക്കുന്നതായി ഈ ആഴ്ച അമേരിക്ക അറിയിക്കുകയും ചെയ്തു. അഫ്ഗാനിലെ പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയ ചര്‍ച്ചയാണു പരിഹാരമെന്നു ഖ്വാജ ആസിഫ് വാംഗുമായുള്ള ചര്‍ച്ചയ്ക്കുശേഷം പറഞ്ഞു. ചൈനയും പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ചേര്‍ന്ന് ഈ വര്‍ഷം തന്നെ ചര്‍ച്ചയ്ക്കു തുടക്കമിടുമെന്നും അദ്ദേഹം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല