1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2016

സ്വന്തം ലേഖകന്‍: ചൈന കണ്ണാടിപ്പാലം വീണ്ടും തുറക്കുന്നു, ഇത്തവണ സുരക്ഷ കര്‍ശനമാക്കും. സുരക്ഷാ മാനദണ്ഡങ്ങളെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിട്ട കണ്ണാടിപ്പാലം ഒക്‌ടോബറില്‍ ചൈനയിലെ സുവര്‍ണ വാരാഘോഷത്തിന്റെ ഭാഗമായിട്ടാണ് ഒരു മാസത്തെ അവധിക്ക് ശേഷം വീണ്ടും തുറക്കുന്നത്.

യുനെസ്‌കോയുടെ പൈതൃക ഇടമായ സാംഗ്ജിയാജിയിലെ ഗ്രാന്റ് കനിയോന്‍ സീനിക് ഏരിയയിലെ അവിശ്വസനീയമായ കാഴ്ചകളില്‍ ഒന്നായ പാലത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ആഗസ്റ്റ് 20 ന് തുറന്ന പാലം സെപ്തംബര്‍ ആദ്യവാരം തന്നെ അധികൃതര്‍ക്ക് അടയ്‌ക്കേണ്ടി വന്നിരുന്നു.

സെപ്തംബര്‍ 30 ന് ശേഷം ഇത് വീണ്ടും തുറക്കുമെന്ന് ബ്രിഡ്ജ് മാനേജ്‌മെന്റ് കമ്മറ്റി വ്യക്തമാക്കി. പ്രവേശനകവാടത്തില്‍ സ്ഥാപിച്ചിട്ടുള്ള മെഷീനില്‍ തങ്ങളുടെ ഐഡി കാര്‍ഡ് സ്വാപ് ചെയ്തും ഔദ്യോഗിക വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്തും സഞ്ചാരികള്‍ക്ക് പാലത്തില്‍ പ്രവേശിക്കാം. ദിനം പ്രതി 10,000 സഞ്ചാരികള്‍ വീതം എത്തിയിരുന്ന പാലത്തില്‍ ഇനിമുതല്‍ 8000 പേരെയേ അനുവദിക്കൂ.

ആള്‍ക്കാരുടെ എണ്ണം കൃത്യമാക്കാന്‍ കവാടങ്ങളില്‍ മോണിട്ടറിംഗ് സംവിധാനമുണ്ട്. ഇതിനൊപ്പം സൈറ്റിലേക്ക് ആളെയെത്തിക്കാന്‍ സൗജന്യ ബസ് സര്‍വീസും പദ്ധതിയിലുണ്ട്. 430 മീറ്റര്‍ നീണ്ട ആറ് മീറ്റര്‍ വിസ്താരമുള്ള പാലത്തില്‍ മൂന്ന് തട്ടുള്ള 99 പാന്‍ ഗ്‌ളാസാണ് നിരത്തിയിട്ടുള്ളത്. ഇതാകട്ടെ തറ നിരപ്പില്‍ നിന്നും 300 മീറ്റര്‍ മുകളിലായി രണ്ടു മലകളെ തമ്മില്‍ ബന്ധിപ്പിച്ചിരിക്കുകയാണ്.

രൂപകല്‍പ്പനയും നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 10 ലോക റെക്കോഡുകള്‍ പാലത്തിന്റെ പേരിലുണ്ട്. 21 ഡോളറാണ് ടിക്കറ്റ് നിരക്ക്. പേഴ്‌സും മൊബൈലും മാത്രമാണ് പാലത്തില്‍ സ്വകാര്യ വസ്തുക്കളായി കൊണ്ടുപോകാന്‍ കഴിയുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.