സ്വന്തം ലേഖകൻ: സൗജന്യ ദീപാവലി ഗിഫ്റ്റ് തട്ടിപ്പിലൂടെ ചൈനീസ് വെബ്‌സൈറ്റുകൾ ഇന്ത്യൻ ഉപയോക്താക്കളിൽ നിന്ന് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തുന്നുണ്ടെന്ന് റിപ്പോർട്ട്. നിരവധി സൈബർ ആക്രമണകാരികൾ സൗജന്യ ദീപാവലി ഗിഫ്റ്റ് തട്ടിപ്പുകൾ വഴി ഉപയോക്താക്കളെ കബളിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) ആണ് ഇത് സംബന്ധിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഏതാനും ചൈനീസ് വെബ്‌സൈറ്റുകൾ സൗജന്യ ദീപാവലി സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് ഉപയോക്താക്കൾക്ക് ഫിഷിങ് ലിങ്കുകൾ അയയ്‌ക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, ഫോൺ നമ്പറുകൾ എന്നിവയും അതിലേറെയും പോലുള്ള വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലിങ്കുകൾ അയയ്ക്കുന്നതെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് സുരക്ഷിതരായിരിക്കാൻ ആളുകളോട് ആവശ്യപ്പെട്ട് സേർട്ട്-ഇൻ നിർദേശം നൽകിയിട്ടുണ്ട്. ഉപയോക്താക്കളെ… ഗിഫ്റ്റ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യിപ്പിക്കാനായി ഉത്സവ ഓഫർ എന്ന് അവകാശപ്പെടുന്ന വ്യാജ സന്ദേശങ്ങൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ (വാട്സാപ്, ഇൻസ്റ്റാഗ്രാം, ടെലഗ്രാം മുതലായവ) പ്രചരിക്കുന്നുണ്ട്. കൂടുതലും സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഇത്തരം വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതെന്ന് സേർട്ട്-ഇൻ റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.
ഈ വെബ്‌സൈറ്റുകളിൽ മിക്കതും ചൈനീസ് .cn ഡൊമെയ്‌ൻ ആണ് ഉപയോഗിക്കുന്നത്. ഇതിനാൽ ഈ ഫിഷിങ് വെബ്‌സൈറ്റുകളിൽ ഭൂരിഭാഗവും ചൈനയിൽ നിന്നുള്ളതാണെന്ന് സേർട്ട്-ഇൻ മുന്നറിയിപ്പ് റിപ്പോർട്ടിൽ പറയുന്നു. മറ്റുള്ളവ .xyz, .top ഡെമെയ്നുകളാണ്. സമ്മാനങ്ങൾ ക്ലെയിം ചെയ്യാൻ സാധാരണക്കാരായ ഉപയോക്താക്കൾ ലിങ്കിൽ ക്ലിക്കുചെയ്യാൻ സാധ്യത കൂടുതലാണ്.
ഉപയോക്താവ് ലിങ്കിൽ ക്ലിക്കുചെയ്യുമ്പോൾ, വ്യാജ അഭിനന്ദന സന്ദേശം വരുന്നത് കാണാം. പിന്നീട് സ്വകാര്യ വിശദാംശങ്ങൾ പൂരിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ച് കഴിഞ്ഞാൽ സമ്മാനം ക്ലെയിം ചെയ്യുന്നതിനായി അവ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഷെയർ ചെയ്യാൻ ഉപയോക്താവിനോട് ആവശ്യപ്പെടും. ഇതോടെ എല്ലാവരുടേയും സ്വകാര്യ വിവരങ്ങൾ ഹാക്കർമാർ ചോർത്തിയിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല