![](http://www.nrimalayalee.com/wp-content/uploads/2024/12/Screenshot-2024-12-31-172832-640x395.png)
സ്വന്തം ലേഖകൻ: യു.എസ് ട്രഷറി ഡിപ്പാർട്ട്മെന്റ് സംവിധാനങ്ങളിൽ ചൈനീസ് സ്റ്റേറ്റ് സ്പോൺസേർഡ് ഹാക്കർ അതിക്രമിച്ചുകയറിയതായി ആരോപണം. ചില ഓഫീസ് രേഖകളിലേക്കും ജീവനക്കാരുടെ കമ്പ്യൂട്ടർ സംവിധാനങ്ങളിലേക്കും ഹാക്കർക്ക് പ്രവേശിക്കാനായതായി യു.എസ് അധികാരികൾ ആരോപിച്ചു. ഡിസംബർ ആദ്യമാണ് ഈ ലംഘനമുണ്ടായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വലിയ ഹാക്കിങ് സംഭവിച്ചുവെന്നാണ് യു.എസ് അധികാരികൾ ഇക്കാര്യത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഡിസംബർ എട്ടിനാണ് ഹാക്കിങ് നടന്നത്. സൈബർ സുരക്ഷാ സേവന ദാതാവായ ബിയോണ്ട് ട്രസ്റ്റ് വഴിയാണ് ഹാക്കിങ് നടന്നതെന്നാണ് നിഗമനം. ബിയോണ്ട് ട്രസ്റ്റ് പിന്നീട് ഓഫ്ലൈൻ ആക്കുകയായിരുന്നു.
വിഷയത്തെക്കുറിച്ച് അന്വേഷിക്കാൻ എഫ്.ബി.ഐ.യായും മറ്റ് ഏജൻസികളായും ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ട്രഷറി ഡിപ്പാർട്ട്മെന്റ് അധികൃതർ അറിയിച്ചു. യു.എസ് സൈബർ സെക്യൂരിറ്റി, ഇൻഫ്രാസ്ട്രക്ചർ സെക്യുരിറ്റി ഏജൻസി തുടങ്ങിയ ഏജൻസികളും വിഷയം അന്വേഷിക്കുന്നുണ്ട്.
അതേസമയം, യു.എസ് ആരോപണത്തെ തള്ളി ചൈനീസ് എംബസി വക്താവ് രംഗത്തെത്തി. വസ്തുതകളുടെ പിൻബലമില്ലാത്ത അടിസ്ഥാനരഹിതമായ വാദങ്ങളാണ് യു.എസ് അധികൃതർ ഉന്നയിക്കുന്നതെന്നാണ് ചൈന പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല