സ്വന്തം ലേഖകന്‍: ചൈനീസ് മാസികയുടെ ലോക ശതകോടീശ്വര പട്ടികയില്‍ പത്തു മലയാളികള്‍. ചൈനീസ് സാമ്പത്തിക മാസിക ഹുറുണ്‍ ഗ്ലോബലിന്റെ പട്ടികയിലാണ് ലോകത്തെ ശത കോടീശ്വരന്‍മാരുടെ പട്ടികയില്‍ പത്തു മലയാളികള്‍ സ്ഥാനം പിടിച്ചത്. ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസുഫലിയാണ് ഏറ്റവും ധനികനായ മലയാളി.
അറുനൂറു കോടി ഡോളര്‍ സമ്പാദ്യവുമായി പട്ടികയില്‍ 228 മതാണ് അദ്ദേഹം. ഇന്ത്യയിലെ ശതകോടീശ്വരന്‍മാരില്‍ എട്ടാമതാണ് യൂസുഫലി. 220 കോടി ഡോളറിന്റെ ആസ്തിയുള്ള ആര്‍.പി.ഗ്രൂപ് ചെയര്‍മാന്‍ രവി പിള്ളയാണ് മലയാളികളില്‍ രണ്ടാമത്.
സണ്ണി വര്‍ക്കി (150 കോടി ഡോളര്‍), ക്രിസ് ഗോപാലകൃഷ്ണന്‍ (150 കോടി ഡോളര്‍), ടി.എസ്. കല്യാണരാമന്‍ (140 കോടി ഡോളര്‍), പി.എന്‍.സി. മേനോന്‍ (120 കോടി ഡോളര്‍), ജോയ് ആലുക്കാസ് (110 കോടി), എസ്.ഡി. ഷിബുലാല്‍ (100 കോടി), എം.ജി. ജോര്‍ജ് മുത്തൂറ്റും കുടുംബവും (100 കോടി), ആസാദ് മൂപ്പന്‍ (100 കോടി) എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റ് മലയാളികള്‍.
റിലയന്‍സ് ഗ്രൂപ്പ് തലവന്‍ മുകേഷ് അംബാനിയാണ് ഹുറുണ്‍ ഗ്ലോബലിന്റെ കണക്കനുസരിച്ച് ഏറ്റവും ധനികനായ ഇന്ത്യക്കാരന്‍. മൈക്രോസോഫ്റ്റ് തലവന്‍ ബില്‍ ഗേറ്റ്‌സ് ഒന്നാമതുള്ള ലോകപട്ടികയില്‍ ഇരുപത്തിനാലാം സ്ഥാനത്താണ് അംബാനി. 2600 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ ആകെ സമ്പാദ്യം.
ലോകത്തെ നൂറു ശതകോടീശ്വരന്‍മാരില്‍ നാലുപേരാണ് ഇന്ത്യക്കാര്‍. സണ്‍ ഫാര്‍മ ഉടമ ദിലീപ് സാങ്ങ്വി (49) പല്‌ളോന്‍ജി മിസ്ത്രി (75) ശിവ് നാടാര്‍ (91) എന്നിവരാണ് ആദ്യ നൂറില്‍ ഇടം പിടിച്ച ഇന്ത്യക്കാര്‍. സൈറസ് പൂനവാല, ഉദയ് കോടക്, അസീം പ്രേംജി എന്നിവരും പട്ടികയിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല