സ്വന്തം ലേഖകൻ: അഞ്ച് നില കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേക്കുവീഴുന്ന പിഞ്ചുകുഞ്ഞ്. നിലത്തു വീഴുംമുന്‍പ് അതിസാഹസികമായി ആ കുഞ്ഞിനെ കൈകളില്‍ ഏറ്റുവാങ്ങുന്ന യുവാവ്. സാമൂഹ്യമാധ്യമ ഉപയോക്താക്കളുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ് ഷെന്‍ ഡോങ് എന്ന 31-കാരന്‍. ചൈനയിലെ ഷെജിയാങ് പ്രവിശ്യയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ ലോകമെമ്പാടും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.
സംഭവം നടന്ന തെരുവിന് എതിര്‍വശത്തുള്ള ബാങ്കിലാണ് ഷെന്‍ ഡോങ് ജോലിചെയ്യുന്നത്. കാര്‍ പാര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് ഷെന്‍ ഡോങ് കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുന്നത്. തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍നിന്ന് രണ്ടര വയസ്സുള്ള ഒരു കൊച്ചുകുട്ടി താഴേക്ക് വീഴുന്നു. എന്തുചെയ്യുമെന്ന് ആലോചിച്ച് നില്‍ക്കാന്‍ സമയമുണ്ടായിരുന്നില്ല. ഇത്രയും ഉയരത്തില്‍നിന്ന് കോണ്‍ക്രീറ്റ് നടപ്പാതയിലേക്ക് പതിച്ചാല്‍ കുട്ടിയുടെ ജീവന്‍ നഷ്ടമാകുമെന്ന് ഉറപ്പ്.
ഒരു നിമിഷംപോലും പാഴാക്കാതെ പാഞ്ഞെത്തിയ ഷെന്‍ ഡോങ്, നിലത്തെത്തുന്നതിന് മുന്‍പ് കുട്ടിയെ കൈകളിലൊതുക്കുന്നതാണ് വീഡിയോയില്‍ കാണാനാവുക. അദ്ദേഹം ആ ഒരു നിമിഷം പുലര്‍ത്തിയ ധൈര്യവും ആത്മസംയമനവുമാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്. ദൃശ്യങ്ങള്‍ കാണുന്ന ആരും ഷെന്‍ ഡോങ്ങിന്റെ പ്രവൃത്തിയെ അഭിനന്ദിച്ചുപോകും, തീര്‍ച്ച. ഷെന്‍ ഡോങ്ങിനൊപ്പം കുട്ടിയെ രക്ഷിക്കാന്‍ പാഞ്ഞെത്തിയ ഒരു യുവതിയെയും ദൃശ്യത്തില്‍ കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല