സ്വന്തം ലേഖകന്‍: രണ്ടാം ലോക മഹായുദ്ധ സമാപനത്തിന്റെ എഴുപതാം വാര്‍ഷികം, ചൈനയുടെ വമ്പന്‍ ശക്തിപ്രകടനം. രണ്ടാം ലോക മഹായുദ്ധ സമാപനത്തിന്റെ എഴുപതാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി ബെയ്ജിങ്ങില്‍ നടന്ന കൂറ്റന്‍ സൈനിക പരേഡാണ് ലോകത്തിനു മുന്നില്‍ ചൈനയുടെ ശക്തിപ്രകടനമായി മാറിയത്. ചൈനയുടെ സൈനിക ശേഷിയുടെ 80 ശതമാനവും പരേഡില്‍ അണിനിരന്നു. ഇതാദ്യമായാണ് ഇത്രയും സൈനിക ശക്തി ചൈന ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത്.
12,000 സൈനികരും 200 യുദ്ധവിമാനങ്ങളും ടാങ്കുകളും മിസൈല്‍ ലോഞ്ചറുകളും പരേഡില്‍ അണിനിരന്നു. പരേഡിന് മേല്‍നോട്ടം വഹിച്ച സര്‍വസൈന്യാധിപന്‍ കൂടിയായ പ്രസിഡന്റ് ഷീ ചിങ് പിങ്, രാജ്യം സമാധാനത്തിനു വേണ്ടി നിലകൊള്ളുമെന്ന് പറഞ്ഞു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയില്‍ നിന്ന് മൂന്നുലക്ഷം പേരെ ഒഴിവാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
മുപ്പത് രാജ്യങ്ങളുടെ പ്രതിനിധികളാണ് പരേഡ് വീക്ഷിക്കാന്‍ ബെയ്ജിങ്ങിലെത്തിയത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാക് ഗ്യൂ ഹൈ തുടങ്ങിയവര്‍ പരേഡിനെത്തിയപ്പോള്‍ ദക്ഷിണചൈന കടലിലെ അസ്വാരസ്യങ്ങളുടെ പേരില്‍ അമേരിക്കയും ഇംഗ്ലണ്ടും വിട്ടുനിന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല