സ്വന്തം ലേഖകന്‍: ചൈനയില്‍ കൊച്ചു കുഞ്ഞുങ്ങള്‍ക്കുമേല്‍ മരുന്നു പരീക്ഷണവും ലൈംഗികാതിക്രമവും, രണ്ടു സ്ത്രീകള്‍ അറസ്റ്റില്‍. പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ ആറു വയസു വരെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള ചൈനയിലെ പ്രശസ്ത ആര്‍വൈബി എഡ്യുക്കേഷന്‍ ന്യൂ വേള്‍ഡ് കിന്റര്‍ഗാര്‍ട്ടന്റെ കാവ്‌യാങ് ജില്ലയിലെ സെന്ററിലാണു സംഭവം. അതേസമയം ചൈനീസ് പട്ടാളക്കാരാണ് കുട്ടികളെ പീഡിപ്പിച്ചതെന്ന വാര്‍ത്തയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കുട്ടികളുടെ ശരീരഭാഗങ്ങളില്‍ സൂചി കൊണ്ടു കുത്തിയ പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയപ്പോഴാണു സംഭവം പുറത്തായത്. അജ്ഞാത മരുന്നുകള്‍ കുട്ടികള്‍ക്ക് നല്‍കിയതായും കണ്ടെത്തി. കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവാ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
ലിയു എന്ന ഇരുപത്തിരണ്ടുകാരി അധ്യാപികയാണ് അറസ്റ്റിലായവരില്‍ ഒരാള്‍. ഇവര്‍ക്കു കീഴിലുള്ള കുട്ടികളെ പീഡിപ്പിച്ചതിന്റെ പേരിലാണ് അറസ്റ്റ്. സംഭവം നടന്ന കിന്റര്‍ഗാര്‍ട്ടനു സമീപമാണ് ചൈനയിലെ വലിയ മിലിട്ടറി ക്യാംപുകളില്‍ ഒന്ന് സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ ഉദ്യോഗസ്ഥരും പീഡനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. എന്നാല്‍ ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച മുപ്പത്തിയൊന്നുകാരി അറസ്റ്റിലായി.
ഓണ്‍ലൈന്‍ വഴി തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിന്റെ പേരിലാണ് അറസ്റ്റ്. ചൈനീസ് സേനയിലെ ‘ടൈഗര്‍ ഗ്രൂപ്പ്’ എന്ന വിഭാഗമാണ് കുട്ടികളെ പീഡിപ്പിച്ചതെന്നായിരുന്നു സമൂഹ മാധ്യമമായ വി ചാറ്റിലൂടെ ലിയു എന്ന ഈ പെണ്‍കുട്ടി പ്രചരിപ്പിച്ചത്. സൈനികര്‍ പീഡനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതായി തെളിവില്ലെന്നു സര്‍ക്കാരും വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. രാജ്യമെമ്പാടുമുള്ള കിന്റര്‍ഗാര്‍ട്ടനുകളിലും അടിയന്തരമായി പരിശോധന ശക്തമാക്കണമെന്നു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല