സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ വരള്‍ച്ച, കാരണങ്ങള്‍ ക്രിക്കറ്റും പട്ടിണിയുമെന്ന കണ്ടെത്തലുമായി ചൈനീസ് മാധ്യമങ്ങള്‍. ക്രിക്കറ്റാണ് പ്രധാന വില്ലനെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ പറയുന്നത്. പട്ടിണി, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, ആരോഗ്യക്കുറവ്, പെണ്‍കുട്ടികളെ കായികരംഗത്ത് നിന്നകറ്റുന്നത്, ആണ്‍കുട്ടികളെ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമാക്കാന്‍ നിര്‍ബന്ധിക്കുന്നത്, ഹോക്കിയുടെ പ്രതാപം അസ്തമിക്കുന്നത്, പിന്നെ ഗ്രാമങ്ങളില്‍ ഒളിമ്പിക്‌സിനെ കുറിച്ച് വേണ്ടത്ര അവബോധം ഇല്ലാത്തത് തുടങ്ങിയവയാണ് ഇന്ത്യയുടെ തിരിച്ചടിക്ക് മറ്റ് കാരണങ്ങളെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജനസംഖ്യയില്‍ രണ്ടാമതാണ് ഇന്ത്യ. എന്നാല്‍, ഇതും അവര്‍ക്ക് ലഭിക്കുന്ന മെഡലുമായി തട്ടിച്ചുനോക്കിയാല്‍ ഏറ്റവും അവസാനക്കാരാണ് 120 കോടി ജനസംഖ്യയുള്ള രാജ്യംടണ്‍ബിയോ ഡോട്ട് കോം എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറഞ്ഞു. ഇന്ത്യയില്‍ പണമുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം കൂടിവരികയാണ്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ജനങ്ങള്‍ക്ക് കായികമത്സരങ്ങളില്‍ മാറ്റുരയ്ക്കാനുള്ള അവസരം ഉണ്ടാകുന്നില്ലവെബ്‌സൈറ്റ് തുടരുന്നു.
രാജ്യത്ത് ഒരു കായിക സംസ്‌കാരം ഇല്ലാത്തതാണ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ഒളിമ്പിക്‌സില്‍ തിരിച്ചടിയാവുന്നത് എന്നാണ് ചൈന ന്യൂസ് ഡോട്ട് കോമിന്റെ കണ്ടെത്തല്‍. ജനസംഖ്യയുടെ വലിയൊരു വിഭാഗം താഴ്ന്ന ജാതിക്കാരാണെന്നും ഇവര്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസമോ പോഷകാഹാരമോ ലഭിക്കുന്നില്ലെന്നും ഗ്രാമങ്ങളില്‍ ഒളിമ്പിക്‌സിനെക്കുറിച്ച് വേണ്ടത്ര അവബോധമില്ലെന്നുമാണ് ചൈന പൊളിറ്റിക്‌സ് എന്ന മറ്റൊരു വെബ്‌സൈറ്റ് വാദിക്കുന്നത്.
ഇന്ത്യയില്‍ ക്രിക്കറ്റ് ഒരു മതമാണെന്നും ക്രിക്കറ്റ് അറിയാത്തവരെ അവിശ്വാസികളായാണ് കണക്കാക്കുന്നതെന്നും ടൗഷ്യോ ഡോട്ട് കോം എന്ന വെബ്‌സൈറ്റ് പറയുന്നു. ഒളിമ്പിക്‌സ് വേദികളില്‍ പതിവുപോലെ ചൈന മെഡല്‍ വാരുകയും ഇന്ത്യ വിയര്‍ക്കുകയും ചെയ്യുന്നതിനിടെയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല