സ്വന്തം ലേഖകന്‍: സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ തുരത്താനെന്ന പേരില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ ആണവ അന്തര്‍വാഹിനി റോന്തു ചുറ്റുന്നു. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാത്ത ചൈനയുടെ നടപടിക്കെതിരെ പ്രതിഷേധവുമായി ഇന്ത്യ രംഗത്തെത്തി.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തങ്ങളുടെ സ്വാധീനവും ശക്തിയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈനയുടെ നടപടിയെന്ന് ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടക്കാനുള്ള ചൈനീസ് ആണവ അന്തര്‍വാഹിനികളുടെ ശ്രമങ്ങളൊന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ശീതയുദ്ധകാല സമാനമായ ചില സാഹചര്യങ്ങള്‍ പ്രദേശത്ത് ഉടലെടുക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
സൊമാലിയന്‍ കൊള്ളക്കാരുയര്‍ത്തുന്ന ഭീഷണി നേരിടാനെന്ന പേരില്‍ കഴിഞ്ഞ മൂന്നു മാസത്തിലധികമായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ ആണവ അന്തര്‍വാഹിനി പ്രവേശിച്ചതായും ഇതുയര്‍ത്തുന്ന സുരക്ഷാ ഭീഷണി ഗൗരവമായി കാണേണ്ടതാണെന്നും സൈന്യം മുന്നറിയിപ്പ് നല്‍കുന്നു.
ചൈനയുടെ സ്വാധീന മേഖലയായ ദക്ഷിണ ചൈനാ കടലില്‍ വിയറ്റ്‌നാമുമായി ചേര്‍ന്ന് ഇന്ത്യ നടത്തുന്ന എണ്ണ പര്യവേക്ഷണങ്ങള്‍ ഉടന്‍ നിര്‍ത്തിവക്കണമെന്ന് ചൈന താക്കീതു നല്‍കിയതിന് തൊട്ടു പുറകെയാണ് സൈന്യത്തിന്റെ വെളിപ്പെടുത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല