സ്വന്തം ലേഖകന്‍: പാക് പിന്തുണയോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സാന്നിധ്യം ഉറപ്പിക്കാന്‍ ചൈന, പരിശീലനത്തിനായി നാലു ചൈനീസ് യുദ്ധക്കപ്പലുകള്‍ കറാച്ചി തുറമുഖത്ത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന ഇന്ത്യയുടെ ആശങ്കകള്‍ കൂടുതല്‍ സ്ഥിരീകരിച്ച് ചൈനയുടെ നാലു യുദ്ധക്കപ്പലുകള്‍ നാലു ദിവസത്തെ പരിശീലനത്തിനും മറ്റുമായാണ് പാകിസ്താനിലെ കറാച്ചി തുറമുഖത്തെത്തിയത്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കപ്പലുകള്‍ കറാച്ചിയിലെത്തിയതെന്ന് ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ‘ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര ധാരണ വളര്‍ത്താനും പരസ്പര വിശ്വാസം ഊട്ടി ഉറപ്പിക്കാനും ഈ സന്ദര്‍ശനം സഹായിക്കും. ഇരു രാജ്യങ്ങളുടെയും നാവികസേനകള്‍ തമ്മിലുള്ള ആശയവിനിമയം മേഖലയില്‍ സ്ഥിരത കൊണ്ടുവരാന്‍ സഹായിക്കും. ലോകസമാധാനത്തിനും പരസ്പര വളര്‍ച്ചയ്ക്കുള്ള അവസരവും ഉണ്ടാകു,.’ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കമാന്‍ഡര്‍ സഹന്‍ ഹൂ പറഞ്ഞു.
ചൈനീസ് യുദ്ധക്കപ്പില്‍ വച്ച് പാകിസ്താന്‍ നാവികസേന മേധാവിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയിരുന്നു. കറാച്ചിയില്‍ തങ്ങുന്ന ചൈനീസ് കപ്പലിലെ ഉദ്യോഗസ്ഥര്‍, പാക് നാവികസേന ഉദ്യോഗസ്ഥരുമായി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ചൈനയുടെ ആണവ അന്തര്‍വാഹിനി കറാച്ചി തുറമുഖത്ത് എത്തിയതിന്റെ തെളിവുകള്‍ ഏതാനും മാസം മുന്‍പ് പുറത്തുവന്നിരുന്നു. ഗൂഗിള്‍ എര്‍ത്തില്‍ പതിഞ്ഞ ചിത്രമാണ് പുറത്തുവന്നത്. കഴിഞ്ഞ മേയിലാണ് കറാച്ചി തുറമുഖത്ത് ചൈനയുടെ ആണവ അന്തര്‍വാഹിനി എത്തിയതെന്നാണ് ചിത്രം സൂചിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല