സ്വന്തം ലേഖകന്‍: പിറന്നാള്‍ ആശംസകളും സമ്മാനങ്ങളും കൊടുത്തും വാങ്ങിയും ശീലമുള്ളവരാണ് നമ്മള്‍. എന്നാല്‍ വ്യത്യസ്തമായ ഒരു പിറന്നാള്‍ സന്ദേശത്തിലൂടെ ശ്രദ്ധേയയാകുകയാണ് എഴുത്തുകാരിയായ ചിത്തിര കുസുമന്‍. ചിത്രങ്ങളും, ഫോണ്‍ സന്ദേശങ്ങളും, കേക്കുകളും മാറ്റിവച്ച് തനിക്കായി ഒരു മരം നടാമോ എന്നാണ് ചിത്തിര സുഹൃത്തുക്കളോട് ചോദിക്കുന്നത്.
കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരിയും ലൈബ്രേറിയനുമായ ചിത്തിര കുസുമന്‍ ഇത്തവണ സ്വന്തം പിറന്നാള്‍ ആഘോഷം വ്യത്യസ്തമാക്കിയത് ഇപ്രകാരമാണ്. ഒപ്പം പിറന്നാള്‍ സന്ദേശങ്ങള്‍ക്കു പകരം മരം നട്ടതിന്റെ ഒരു ഫോട്ടോ തന്റെ ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്യാനും ചിത്തിര അഭ്യര്‍ഥിക്കുന്നു.
ആവേശകരമായ പ്രതികരണമാണ് ഈ അഭ്യര്‍ഥനക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. മാര്‍ച്ച് 30 നാണ് ചിത്തിരയുടെ പിറന്നാള്‍. സുഹൃത്തുക്കളോടുള്ള തന്റെ അഭ്യര്‍ത്ഥനയായിട്ടാണ് ചിത്തിര പോസ്റ്റ് ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്നത്. ‘എനിക്കു വേണ്ടിയൊരു മരം നടാമോ? എന്നിട്ടതിന്റെയൊരു ചിത്രം എന്റെ ടൈം ലൈനില്‍ പോസ്റ്റ് ചെയ്യാമോ? എനിക്കു കിട്ടുന്ന ഏറ്റവും അനുഗ്രഹിക്കപ്പെട്ട ആശംസ അതാവും. ഈ ഭൂമിയിലെ പല രാജ്യങ്ങളില്‍, എന്റെ രാജ്യത്തിന്റെ പല സംസ്ഥാനങ്ങളില്‍, എന്റെ സംസ്ഥാനത്തിന്റെ പല ജില്ലകളില്‍ സ്വന്തമായി ഒരു മരം എന്ന വല്ലാത്തൊരു സ്വപ്‌നം.’ എന്നു തുടങ്ങുന്നു പോസ്റ്റ്.
മലയാളി സുഹൃത്തുക്കളുടെ സഹായത്തോടെ ടാന്‍സാനിയയില്‍ ലൈബ്രറി സ്ഥാപിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന സോമി സോളമന്‍, ഹരിദ്വാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വനവല്‍കരണത്തിനായി ഗ്രീന്‍ വെയിന്‍ എന്ന സംഘടന സ്ഥാപിച്ച സംവിദാനന്ദ് എന്നീ സുഹൃത്തുക്കളോടും ചിത്തിര തന്റെ ആഗ്രഹം അറിയിച്ചിട്ടുണ്ട്.
‘സോമി കിച്ചങ്കാനി ലൈബ്രറിക്കു മുന്‍പില്‍ അവിടെ ഏറ്റവുമധികം പൂക്കുന്നൊരു മരം നടാമോ, നിനക്ക് അതൊരു ബാധ്യതയാവില്ലെങ്കില്‍?…..സംവിദാനന്ദ്, ഏപ്രില്‍ 5 ഈസ്‌ററിന്റെയന്ന്, മീനത്തിലെ ചിത്തിര, എന്റെ നക്ഷത്രപ്പിറന്നാളാണ്, എന്റെ നക്ഷത്രമരം കൂവളവും. ഗംഗാതീരത്തൊരു കൂവളം നടാമോ എനിക്ക്?…’
ചിത്തിരയുടെ ഈ അഭ്യര്‍ത്ഥനയോട് ആവേശത്തോടെയാണ് ഫേസ്ബുക്ക് സുഹൃത്തുക്കള്‍ പ്രതികരിച്ചത്. മരത്തൈകള്‍ നടാന്‍ സന്നദ്ധത പ്രകടിപ്പിച്ച് നിരവധി പേര്‍ രംഗത്തു വന്നു കഴിഞ്ഞു. കൂടുതല്‍ ആളുകള്‍ പിറന്നാള്‍ ദിനത്തില്‍ ഭൂമിക്കും ചിത്തിരക്കും മരത്തൈകള്‍ സമ്മാനമായി നല്‍കുമെന്ന പ്രതീക്ഷയിലാണ് ചിത്തിരയും സുഹൃത്തുക്കളും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല