1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2024

സ്വന്തം ലേഖകൻ: ശരീരത്തിലെ ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഇന്ത്യയിൽ പുതിയ മരുന്ന്. ശരീരത്തിലെ മോശം കൊളസ്ട്രോളിന്റെ അളവ് ഗണ്യമായി കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന ചികിത്സ രീതി ഈ മാസം അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഹൃദയാഘാതവും സ്‌ട്രോക്കും ഉണ്ടാവാനുള്ള പ്രാഥമിക കാരണങ്ങളിൽ ഒന്നാണ് രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ നില. പുതിയ ചികിത്സയിലൂടെ ഇത് മൂന്നോ നാലു മടങ്ങ് കുറക്കാനാകുമെന്നാണ് കരുതുന്നത്.

വർഷത്തിൽ രണ്ട് തവണ എടുക്കേണ്ട കുത്തിവെയ്പ്പുകൾ ആയിട്ടാണ് ചികിത്സ രീതി അവതരിപ്പിക്കുന്നത്. ഓരോ ആറ് മാസത്തിലും ഓരോന്ന്. ഇൻക്ലിസിറാൻ എന്നറിയപ്പെടുന്ന ഈ കൊളസ്ട്രോൾ കുത്തിവെയ്പ്പു രണ്ട് വർഷം മുമ്പ് യുഎസിലും യുകെയിലും അംഗീകാരം നേടിയിരുന്നു. ശേഷമാണ് അത് ഇന്ത്യയിൽ എത്തുന്നത്.

പാശ്ചാത്യ രാജ്യങ്ങളിലെ ഇൻക്ലിസിറാൻ എന്ന കുത്തിവയ്പ്പിന്റെ പരീക്ഷണങ്ങൾ കൊളസ്‌ട്രോൾ 50% കുറയ്ക്കുന്നതായി കാണിച്ചിട്ടുണ്ട്. കെഇഎം ഹോസ്പിറ്റലിൽ നടക്കുന്ന ഒരു ക്ലിനിക്കൽ ട്രയലിൽ മരുന്ന് ഇന്ത്യക്കാരിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും അത് ഹൃദയാഘാതത്തെ എങ്ങനെ ബാധിക്കുന്നുവെന്നും പരിശോധിക്കുന്നുണ്ട്.

“ഇത് ചീത്ത കൊളസ്ട്രോളിന്റെ (എൽഡിഎൽ) അളവ് കുറയ്ക്കുമെന്ന് ഞങ്ങൾക്കറിയാം, എന്നാൽ ലോകമെമ്പാടുമുള്ള പരീക്ഷണങ്ങൾ ഇത് ഹൃദയാഘാതം കുറയ്ക്കുമോ എന്ന് പരിശോധിക്കാൻ ശ്രമിക്കുകയാണ്,” കെഇഎം ഹോസ്പിറ്റൽ കാർഡിയോളജി വിഭാഗം മേധാവി ഡോ. അജയ് മഹാജൻ പറഞ്ഞു. എൻറോൾ ചെയ്ത ഓരോ രോഗിക്കും ആറ് മുതൽ എട്ട് വരെ കുത്തിവയ്പ്പുകൾ എടുക്കേണ്ടതിനാൽ, ട്രയൽ നാല് വർഷം വരെ നീണ്ട് നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാൽ മരുന്നിന്റെ സാധ്യതയുള്ള വിലകളെക്കുറിച്ചാണ് നിലവിൽ ചർച്ചകൾ പുരോഗമിക്കുന്നത്. രണ്ട് ഡോസ് തെറാപ്പിക്ക് യുഎസിൽ 5 ലക്ഷം രൂപയാണ് ചെലവ്. ഇന്ത്യയിൽ, ഓരോ കുത്തിവയ്പ്പിനും 1.25 മുതൽ 1.5 ലക്ഷം രൂപ വരെ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചികിത്സ ആവശ്യമുള്ള നിരവധി രോഗികൾക്ക് ഈ തുക താങ്ങാൻ സാധിക്കുന്നതാണോ എന്നതും ആശങ്കയുണർത്തുന്ന കാര്യമാണ്. ഉയർന്ന ചീത്ത കൊളസ്ട്രോൾ ഉള്ള രോഗികൾക്ക് ഓരോ വർഷവും സ്വിസ് ഫാർമ ഭീമനായ നൊവാർട്ടിസ് നിർമ്മിക്കുന്ന മരുന്നിന്റെ രണ്ട് കുത്തിവയ്പ്പുകൾ ആവശ്യമായി വരുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

ആകെ ഉണ്ടാകുന്ന മരണങ്ങളിൽ മൂന്നിൽ ഒന്നും ഹൃദ്രോഗങ്ങൾ മൂലമാകുന്ന ഇന്ത്യ പോലൊരു രാജ്യത്ത് മരുന്നിന്റെ ഫലപ്രദമായ ഉപയോഗം നിർണായകമാവുമെന്ന് വിദഗ്‌ദ്ധർ കരുതുന്നുണ്ട്. സമ്മർദ്ദവും മലിനീകരണവും കൂടുതലുള്ള മുംബൈ പോലുള്ള മെട്രോപൊളിറ്റൻ നഗരങ്ങളിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ മൂലം പ്രതിദിനം 50 മരണങ്ങൾ സംഭവിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.