1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2012

62 ബോളില്‍ നിന്നും 128 റണ്‍സ് അടിച്ചെടുത്ത് പുറത്താവാതെ നിന്ന ക്രിസ് ഗെയ്‌ലിന്റെ തകര്‍പ്പന്‍ ബാറ്റിങ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പ്ലേ ഓഫ് സ്വപ്‌നങ്ങള്‍ വീണ്ടും സജീവമാക്കി. ഏഴ് ഫോറുകളുടെയും 13 സിക്‌സറുകളുടെയും പിന്തുണയോടെയായിരുന്നു വെസ്റ്റ്ഇന്‍ഡീസ് താരത്തിന്റെ സൂപ്പര്‍ സെഞ്ച്വറി. 53 ബോളില്‍ നിന്ന് 73 റണ്‍സുമായി വിരാട് കോഹ്‌ലി ഗെയ്‌ലിന് മികച്ച പിന്തുണ നല്‍കി. കരുത്തരായ ഡല്‍ഹി ഡെയര്‍ ഡേവിള്‍സിനാണ് ഈ റണ്ണൊഴുക്കിനു മുന്നില്‍ കാലിടറിയത്. 21 റണ്‍സിനായിരുന്നു ബാംഗ്ലൂര്‍ ടീമിന്റെ വിജയം.

ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ആതിഥേയരുടെ എല്ലാ കണക്കും തെറ്റിക്കുന്നതായിരുന്നു റോയല്‍ചലഞ്ചേഴ്‌സിന്റെ പ്രകടനം. നിശ്ചിത 20 ഓവറില്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ 215 എന്ന കൂറ്റന്‍ സ്‌കോറാണ് സന്ദര്‍ശകര്‍ പടുത്തുയര്‍ത്തിയത്. 10 റണ്‍സെടുത്ത ദില്‍ഷന്റെ വിക്കറ്റുമാത്രമാണ് നഷ്ടമായത്. ആറോണിന്റെ ബോളില്‍ ഇര്‍ഫാന്‍ പഥാനാണ് ലങ്കന്‍ താരത്തെ പിടികൂടിയത്.

മറുപടി ബാറ്റിങിനിറങ്ങിയ ഡല്‍ഹിയുടെ വെല്ലുവിളി ഒമ്പത് വിക്കറ്റിന് 194 എന്ന സ്‌കോറില്‍ അവസാനിച്ചു. അര്‍ധസെഞ്ച്വറി നേടിയ റോസ് ടെയ്‌ലറിന്റെയും 36 റണ്‍സ് നേടിയ വി വേണുഗോപാല്‍ റാവുവിന്റെയും 31 റണ്‍സ് നേടിയ ആന്ദ്ര റസ്സലിന്റെയും പോരാട്ടങ്ങള്‍ക്ക് ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.

നാലോവറില്‍ 38 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടിയ സഹീര്‍ഖാനും മൂന്ന് ഓവറില്‍ 30 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടിയ പി പരമേശ്വരനുമാണ് കളിയുടെ ഗതി ബാംഗ്ലൂരിന് അനുകൂലമാക്കിയത്. വിനയ് കുമാര്‍ രണ്ടും മുരളീധരന്‍ ഒരു വിക്കറ്റും നേടി. ക്രിസ് ഗെയ്ല്‍ തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.