സ്വന്തം ലേഖകൻ: ക്രിക്കറ്റിലും വംശീയത നിലനിൽക്കുന്നുണ്ടെന്ന് വെസ്റ്റ് ഇൻഡീസിന്റെ വെട്ടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയ്ൽ പറയുന്നു. അമേരിക്കയിൽ പൊലീസിന്റെ പീഡനത്തിൽ ജോർജ് ഫ്ലോയ്ഡ് എന്ന കറുത്ത വർഗക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ തന്റെ പ്രതിഷേധം അറിയിക്കുന്നതിനിടയിലാണ് താൻ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചും ഗെയ്ൽ വെളിപ്പെടുത്തൽ നടത്തിയത്.
സമൂഹമാധ്യമങ്ങളിൽ ഒരു കുറിപ്പ് പങ്കുവച്ചുകൊണ്ടായിരുന്നു ഗെയ്ൽ തന്റെ അമർഷം വ്യക്തമാക്കിയത്. രൂക്ഷമായ ഭാഷയിലായിരുന്നു താരത്തിന്റെ പ്രതികരണം. ലോകത്തിന്റെ പല ഭാഗങ്ങളിൽ വച്ചും കറുത്തവനായി പോയതിന്റെ പേരിൽ അവഗണനയും അപമാനവും നേരിട്ടിട്ടുണ്ടെന്ന് ഗെയ്ൽ പറഞ്ഞു.
“മറ്റേതൊരു ജീവനും പോലെ പ്രധാനപ്പെട്ടതാണ് കറുത്തവന്റെ ജീവനും. കറുത്തവനും പ്രധാനപ്പെട്ടവനാണ്. വംശവെറിക്കാരായ ആളുകൾ തുലയട്ടെ. കറുത്തവരെ വിഡ്ഢികളായി കണക്കാക്കുന്ന പരിപാടി അവസാനിപ്പിക്കണം. കറുത്ത വർഗക്കാർ സ്വയം മോശക്കാരാക്കുന്നതും നിർത്തണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചപ്പോഴെല്ലാം കറുത്തവനായതിന്റെ പേരിൽ ഞാൻ അപമാനിക്കപ്പെട്ടിട്ടുണ്ട്. സത്യമാണ്. ആ പട്ടിക നീളുന്നു. വംശവെറി ഫുട്ബോളിൽ മാത്രമല്ല ഉള്ളത്. അത് ക്രിക്കറ്റിലും പ്രബലമാണ്. കളിക്കുന്ന ടീമുകളിൽപ്പോലും കറുത്തവനായതിന്റെ പേരിൽ ഞാൻ പിന്തള്ളപ്പെടുന്നു. കറുപ്പ് കരുത്താണ്. കറുപ്പിൽ അഭിമാനിക്കുന്നു,’’ ഗെയ്‍ൽ കുറിച്ചു.
ഗെയ്‌ലിന് പുറമെ കായികരംഗത്ത് നിരവധി പേരാണ് അമേരിക്കയിൽ നടന്ന ക്രൂര നടപടിക്കെതിരെ രംഗത്തെത്തിയത്. ടെന്നിസ് ഇതിഹാസം സെറീന വില്യംസ്, ബാസ്കറ്റ് ബോൾ താരം ലെബ്രോൺ ജെയിംസ് എന്നിവരും ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിൽ ശബ്ദമുയർത്തിയിരുന്നു.
നേരത്തെ പ്രമുഖ യൂറോപ്യൻ ഫുട്ബോൾ ലീഗായ ജർമൻ ബുണ്ടസ്‌ലിഗയിൽ ആളില്ലാ മൈതാനത്ത് നേടിയ ഹാട്രിക് ഫ്ലോയ്ഡിന് സമർപ്പിച്ച് ബൊറൂസിയ ഡോർട്മുണ്ട് താരം ജോർഡൻ സാഞ്ചോ ശ്രദ്ധ നേടിയിരുന്നു. ലിവർപൂൾ താരങ്ങളും പരിശീലനത്തിനിടയിൽ ജോർജ് ഫ്ലോയ്ഡിന് വേണ്ടി ശബ്ദമുയർത്തി അമേരിക്കയിൽ നടക്കുന്ന വലിയ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല