ക്രിസ് ഗെയ്ല്‍ അടിച്ചു പറത്തുന്ന പന്തുകള്‍ പെറുക്കി കൂട്ടുക എന്നതായിരുന്നു ഇന്നലെ സിംബാബ്‌വെ കളിക്കാരുടെ പ്രധാന ജോലി. സിംബാബ്‌വെക്കെതിരെയുള്ള ലോകകപ്പ് മത്സരത്തില്‍ ക്രിസ് ഗെയ്ല്‍ ഒറ്റക്ക് അടിച്ചെടുത്തത് 147 പന്തില്‍ 215 റണ്‍സാണ്. ഒപ്പം വിന്‍ഡീസ് 73 റണ്‍സിന് സിംബാബ്‌വെയെ തോല്‍പ്പിക്കുകയും ചെയ്തു.
ലോകകപ്പ് മത്സരങ്ങളിലെ ആദ്യ ഇരട്ട സെഞ്ചുറിയാണ് ക്രിസ് ഗെയ്‌ലിന്റേത്. രണ്ടാം വിക്കറ്റില്‍ മര്‍ലോണ്‍ സാമുവല്‍സ് ഗെയ്‌ലിന് പിന്തുണയുമായി എത്തിയതോടെ വിന്‍ഡീസിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഗെയ്‌ലും സാമുവല്‍സും ചേര്‍ന്നെടുത്ത 372 റണ്‍സ് ഏകദിനത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ്.
133 റണ്‍സ് നേടിയ സാമുവല്‍സും ഫോമിലായതോടെ വിന്‍ഡീസിന്റെ കുതിപ്പ് അവസാനിച്ചത് 50 ഓവറില്‍ 372 എന്ന സ്‌കോറിലാണ്. പടുകൂറ്റന്‍ റണ്‍ മലക്കുമുന്നില്‍ പരഭ്രമിച്ച് ഇറങ്ങിയ സിംബാബ്‌വെക്ക് തിരിച്ചടിയായി മഴയുമെത്തി. തുടര്‍ന്ന് വിജയ ലക്ഷ്യം 48 ഓവറില്‍ 363 റണ്‍സായി വെട്ടിച്ചുര്‍ക്കിയെങ്കിലും സിംബാബ്‌വെയുടെ പ്രതിരോധം 44.3 ഓവറില്‍ 289 റണ്‍സില്‍ അവസാനിച്ചു.
റെക്കോര്‍ഡുകളുടെ ഒഴുക്കായിരുന്നു വിന്‍ഡീസിന്റെ ബാറ്റിംഗ്. ലോകകപ്പിലെ ആദ്യ ഇരട്ട സെഞ്ചുറി, ഒരു വിന്‍ഡീസ് ബാറ്റ്‌സ്മാന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍, ലോകകപ്പില്‍ ഒരു മത്സരത്തില്‍ ഏറ്റവുമധികം സിക്‌സറുകള്‍ പായിച്ച ബാറ്റ്‌സ്മാന്‍ എന്നീ റെക്കോര്‍ഡുകള്‍ ക്രിസ് ഗെയ്ല്‍ സ്വന്തം പേരിലാക്കി. ഒപ്പം ഗാംഗുലിയും ദ്രാവിഡും ചേര്‍ന്ന് 1999 ലോകകപ്പില്‍ ലങ്കക്കെതിരെ അടിച്ചു കൂട്ടിയ 318 റണ്‍സ് കൂട്ടുകെട്ടും പഴങ്കഥയായി.
ഇന്ത്യക്കാരനായ രോഹിത് ശര്‍മയാണ് ഇത്തരമൊരു പ്രകടനത്തിന് തനിക്ക് പ്രചോദനമായതെന്ന് ഗെയ്ല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏകദിനത്തില്‍ രണ്ട് ഇരട്ട സെഞ്ചുറികള്‍ നേടിയ ഒരേയൊരു കളിക്കാരനാണ് രോഹിത് ശര്‍മ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല