മതനിന്ദ കുറ്റം ചുമത്തി പാകിസ്താന്‍ പോലിസ് അറസ്റ്റ് ചെയ്ത ക്രിസ്ത്യന്‍ ബാലികയെ ജാമ്യത്തില്‍ വിട്ടു. വിശുദ്ധ ഗ്രന്ഥമായ ഖുറാനിലെ പേജുകള്‍ കത്തിച്ചുവെന്ന കുറ്റത്തിനായിരുന്നു പതിനാലുകാരിയെ അറസ്റ്റ് ചെയ്തത്.
കുട്ടി വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ ഖുറാന്റെ പേജുകള്‍ കത്തിച്ചുവെന്നായിരുന്നു പരാതി. ഖാലിദ് ചിശ്മി എന്ന ഇമാം കത്തിച്ച ഖുറാന്‍ പേജുകള്‍ റിംഷയുടെ ബാഗില്‍ ഒളിപ്പിച്ച് കൃത്രിമ തെളിവുകള്‍ ഉണ്ടാക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. കേസ് വ്യാജമാണെന്ന് തെളിഞ്ഞതോടെ മൂന്നാഴ്ചത്തെ ജയില്‍വാസത്തിനു ശേഷം പെണ്‍കുട്ടിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
ഡൗണ്‍ സിന്‍ഡ്രം ബാധിച്ച് മാനസിക വളര്‍ച്ച കുറഞ്ഞ കുട്ടിയെ അറസ്റ്റ് ചെയ്ത അധികൃതരുടെ നടപടി ലോകവ്യാപകമായി തന്നെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. മതനിന്ദക്കെതിരേ ശക്തമായ നിയമങ്ങള്‍ നിലനില്‍ക്കുന്ന പാകിസ്താനില്‍ പലപ്പോഴും അത് ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന പരാതികള്‍ നേരത്തെ തന്നെയുണ്ട്.
കത്തിച്ച കടലാസുകഷണങ്ങള്‍ക്കിടയില്‍ ഖുറാന്‍ പേജിന്റെ കഷണങ്ങള്‍ തിരുകിവെച്ചത് മുഖ്യപരാതിക്കാരനായ ഇമാം തന്നെയാണെന്ന് വ്യക്തമായതോടെ പോലിസ് അയാള്‍ക്കെതിരേ കേസെടുത്തു. ഖുറാന്‍ പേജുകള്‍ ദുരുപയോഗം ചെയ്ത ഇമാമിനെതിരേയും മതനിന്ദക്കു തന്നെയാണ് കേസെടുത്തിട്ടുള്ളത്.
മേഖലയിലുള്ള ക്രിസ്ത്യാനികളെ ആട്ടിപ്പായിക്കുന്നതിനുവേണ്ടി ഇമാം കണ്ടുപിടിച്ച തന്ത്രമാണിതെന്നും റിപ്പോര്‍ട്ടുണ്ട്. ഖുറാന്‍ കത്തിച്ചുവെന്ന വാര്‍ത്ത പരക്കുമ്പോള്‍ മേഖലയിലുള്ള ന്യൂനപക്ഷവിഭാഗങ്ങള്‍ക്കുനേരെ ആക്രമണമുണ്ടാകുമെന്നാണ് ഇമാം കണക്കുകൂട്ടിയത്. പക്ഷേ, പ്രശ്‌നം അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിച്ചതോടെ അധികൃതര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല