സ്വന്തം ലേഖകൻ: തിരക്കും പ്രതികൂല കാലാവസ്ഥയും കൂടിച്ചേര്‍ന്നപ്പോള്‍ കുടുംബത്തോടൊപ്പം ക്രിസ്തുമസ് അവധിക്കാലം ചെലവഴിക്കാന്‍ ആഗ്രഹിച്ച പലര്‍ക്കും ഹീത്രൂ വിമാനത്താവളത്തില്‍ നിന്നും നിരാശരായി മടങ്ങേണ്ടി വന്നു. അതിശക്തമായ കാറ്റ് ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഹീത്രൂവില്‍ നിന്നുള്ള പല വിമാനങ്ങളും റദ്ദാക്കുകയോ വൈകിപ്പിക്കുകയോ ചെയ്തതിനാലാണിത്. ശക്തമായ കാറ്റും, എയര്‍സ്പേസ് നിയന്ത്രണങ്ങളും കാരണം വളരെ ചെറിയ എണ്ണം വിമാനങ്ങളാണ് ശനിയാഴ്ച റദ്ദാക്കേണ്ടതായി വന്നതെന്ന് വിമാനത്താവളാധികൃതര്‍ അറിയിച്ചു.
എന്നിരുന്നാലും, പരമാവധി യാത്രക്കാര്‍ക്ക് അവര്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തിരുന്നത് പോലെ സുരക്ഷിതമായി യാത്രചെയ്യാന്‍ കഴിയുമെന്ന് ഉറപ്പ് വരുത്തുമെന്നും അധികൃതര്‍ അറിയിച്ചു. ഈ സമയത്തെ യാത്രകള്‍ക്ക് അതീവ പ്രാധാന്യമുണ്ട് എന്നറിയാവുന്നതുകൊണ്ട്, നടപടിക്രമങ്ങള്‍ അതിവേഗത്തിലാക്കുവാന്‍ ടെര്‍മിനലുകളില്‍ അധിക ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. എന്നിരുന്നാലും, യാത്ര പുറപ്പെടുന്നതിനു മുന്‍പായി വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ സാഹചര്യം അറിയണമെന്നും അവര്‍ യാത്രക്കാരോട് നിര്‍ദ്ദേശിക്കുന്നു.
ഇന്നലെ പടിഞ്ഞാറന്‍ ലണ്ടനിലെ വിമാനത്താവളത്തില്‍ നിന്നും 22 വിമാനങ്ങളാണ് റദ്ദ് ചെയ്യപ്പെട്ടത്. ഇന്ന് യാത്ര തിരിക്കേണ്ട മറ്റ് 48 വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ഇന്നലെ രാവിലെ ഏഴു മണി മുതല്‍ അതിശക്തമായ കാറ്റിനെതിരെ മഞ്ഞ മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണിത്. ഈ മുന്നറിയിപ്പ് ഇന്ന് രാവിലെ ഒന്‍പതു മണി വരെ നിലവിലുണ്ടാകും. വടക്ക് പടിഞ്ഞാറന്‍, വടക്ക് കിഴക്കന്‍ ഇംഗ്ലണ്ട്, സ്‌കോട്ട്‌ലാന്‍ഡ്, വെയ്ല്‍സിന്റെ ചില ഭാഗങ്ങള്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ ഈ മുന്നറിയിപ്പ് നിലനില്‍ക്കും.
ഇന്നലെ മണിക്കൂറില്‍ 50 മുതല്‍ 60 മൈല്‍ വേഗത്തില്‍ വരെ ആഞ്ഞടിച്ച കാറ്റിന് ഇന്ന് ചിലയിടങ്ങളില്‍ മണിക്കൂറില്‍ 80 മൈല്‍ വരെ വേഗത കൈവരിക്കാന്‍ ആകുമെന്നാണ് കരുതുന്നത്. ഇന്ന് തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലും മഞ്ഞ മുന്നറിയിപ്പ് പ്രാബല്യത്തില്‍ വരും. വിദൂര ഉത്തര സ്‌കോട്ട്‌ലാന്‍ഡിലും തീരപ്രദേശങ്ങളിലും ഇന്ന് മണിക്കൂറില്‍ 80 മൈല്‍ വേഗത്തില്‍ വരെ കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യതയുള്ളതായി മെറ്റ് ഓഫീസ് അറിയിച്ചു. മാത്രമല്ല, കൂറ്റന്‍ തിരമാലകള്‍ ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ തീര്‍പ്രദേശത്ത് അപകട ഭീഷണി തുടരും.
ശക്തമായ കാറ്റുള്ള സമയത്ത് ഗതാഗത തടസ്സം ഉണ്ടായേക്കാം. ഫെറി സര്‍വ്വീസുകള്‍ റദ്ദാക്കപ്പെടുകയോ വൈകുകയോ ചെയ്തേക്കാം. സ്‌കോട്ട്‌ലാന്‍ഡിന്റെ വടക്ക് പടിഞ്ഞാറന്‍ പര്‍വ്വത പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചക്കും സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ ഇന്ന് മുഴുവന്‍ മഞ്ഞില്‍ പൊതിഞ്ഞ അവസ്ഥ തുടര്‍ന്നേക്കും. കാലാവസ്ഥയ്ക്ക് ഒപ്പം യാത്രക്കാരുടെ എണ്ണത്തില്‍ വന്ന തിരക്കും, ഹീത്രൂയില്‍ കാര്യങ്ങള്‍ അവതാളത്തിലാകാന്‍ കാരണമായി. വിവിധ ടെര്‍മിനലുകളിലൂടെ ഡിസംബര്‍ 25 ന് യാത്ര ചെയ്യാനിരിക്കുന്നവരുടെ എണ്ണം, കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഉണ്ടായതിനേക്കാള്‍ 21 ശതമാനം കൂടുതലാണെന്നാണ് അധികൃതര്‍ പറയുന്നത്.
ഡിസംബര്‍ മാസത്തില്‍ യാത്ര ചെയ്യുന്നവരുടെ കാര്യത്തില്‍ ഇതുവരെയുള്ള റെക്കോര്‍ഡ് കഴിഞ്ഞ വര്‍ഷത്തേതായിരുന്നു. 67 ലക്ഷം യാത്രക്കാരാണ് ഹീത്രൂ വഴി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ യാത്ര ചെയ്തത്. ഇത്തവണ ഇത് മറികടക്കുമെന്നാണ് ഹീത്രൂ അധികൃതര്‍ പ്രതീക്ഷിക്കുന്നത്. വ്യോമയാത്ര മാത്രമല്ല, റോഡ് ഗതാഗതവും തടസ്സപ്പെടാന്‍ ഇടയുണ്ടെന്നാണ് മുന്നറിയിപ്പുകള്‍ വരുന്നത്. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായി 22.7 മില്യന്‍ ആളുകള്‍ ഇന്ന് വാഹനങ്ങളുമായി നിരത്തിലിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. ഡോവര്‍ തുറമുഖത്തും യാത്രകള്‍ വൈകും എന്നാണ് അറിയാന്‍ കഴിയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല