സ്വന്തം ലേഖകൻ: ക്രിസ്മസ്, പുതുവത്സര സീസൺ ആരംഭിച്ചതോടെ ആകാശക്കൊള്ളയുമായി വിമാനക്കമ്പനികൾ. ഒമാനിലെ ഇന്ത്യൻ സ്കൂളുകൾക്ക് ശൈത്യകാല അവധി ഈ മാസം പത്തിനുശേഷം ആരംഭിക്കുന്നതിനാൽ നിരവധി കുടുംബങ്ങളാണ് നാട്ടിലേക്ക് പറക്കാനിരിക്കുന്നത്.ക്രിസ്മസ്, നവവത്സര ആഘോഷങ്ങൾക്കായി നാട്ടിൽ പോവുന്നവരും നിരവധിയാണ്. മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമല സന്ദർശനത്തിനായി മാലയിട്ടവരും നിരവധിയാണ്. ഇതോക്കെ മുന്നിൽക്കണ്ടാണ് വിമാനക്കമ്പനികൾ കൊല്ലുന്ന നിരക്കുമായി രംഗത്തെത്തിയിരിക്കുന്നത്.
ബജറ്റ് വിമാനക്കമ്പനികൾ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നവയടക്കം കഴുത്തറുക്കുന്ന നിരക്കുകളാണ് ഡിസംബറിൽ ഈടാക്കുന്നത്. നവംബർ 25 മുതൽതന്നെ വിമാനക്കമ്പനികൾ നിരക്ക് വർധിപ്പിക്കാൻ തുടങ്ങിയിരുന്നു. ഇതോടെ അത്യാവശ്യമില്ലാത്തവർ നാട്ടിൽപോക്ക് ഒഴിവാക്കിയതിനാൽ പല വിമാനക്കമ്പനികളുടെയും സീറ്റ് ഒഴിഞ്ഞുകിടന്നിരുന്നു. ഈ മാസം ഒന്നുമുതൽ കഴുത്തറുക്കുന്ന വിമാന നിരക്കുകളാണ് വിമാനക്കമ്പനികൾ ഈടാക്കുന്നത്. ഡിസംബറിലെ ചില ദിവസങ്ങളിൽ വൺവേക്ക് 217 റിയാൽവരെ ഈടാക്കുന്നുണ്ട്.
എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്ടേക്ക് ഇപ്പോൾ 105 റിയാലാണ് വൺവേക്ക് ഈടാക്കുന്നത്. വരും ദിവസങ്ങളിൽ 96 റിയാലായി കുറയുന്നുണ്ടെങ്കിലും ഈ മാസം ഒമ്പതിന് 108 റിയാലായി ഉയരുന്നുണ്ട്. 16ന് 123 റിയാലാണ് നിരക്ക്. ഡിസംബർ 19 മുതൽ വൺവേക്ക് 98 റിയാലായി കുറയുന്നുണ്ടെങ്കിലും ജനുവരി ഒന്നുമുതൽ വീണ്ടും 108 റിയാലായി ഉയരുന്നുണ്ട്. ജനുവരി 21ന് ശേഷമാണ് നിരക്ക് 75 റിയാലായി കുറയുന്നത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂരിലേക്കുള്ള ഈ മാസത്തെ കുറഞ്ഞ നിരക്ക് 96 റിയാലാണ്. 21,22 തീയതികളിൽ ഇത് 118 റിയാലായി ഉയരുന്നുണ്ട്.
കൊച്ചിയിലേക്കുള്ള നിരക്കുകളും ഈ മാസം മുതൽ 90 റിയാലിലധികമാണ്. ഈ മാസം എട്ടുമുതൽ കൊച്ചിയിലേക്കുള്ള നിരക്ക് 105 കടക്കുന്നുണ്ട്.നിരക്ക് ഉയർന്ന് ഈ മാസം 16 ന് 142 റിയാൽ വരെ എത്തുന്നുണ്ട്. തിരുവനന്തപുരം സെക്ടറിലേക്കുള്ള ഈ മാസത്തെ കുറഞ്ഞ നിരക്ക് 112 റിയാലാണ്. ഇത് ഉയർന്ന് ചില ദിവസങ്ങളിൽ 143 റിയാൽ വരെ എത്തുന്നുണ്ട്. ഗോഎയർ കണ്ണൂരിലേക്ക് ആഴ്ചയിൽ രണ്ട് സർവിസുകൾ മാത്രമാണ് നടത്തുന്നത്. ഡിസംബർ നാലാം തീയതി കണ്ണൂരിലേക്കുള്ള വൺവേ നിരക്ക് 110 റിയാലാണ്. ഇത് ചില ദിവസങ്ങളിൽ 195 റിയാൽ വരെ എത്തുന്നുണ്ട്.
ഒമാൻ എയറും കേരള സെക്ടറിലേക്ക് ഉയർന്ന നിരക്കുകളാണ് ഈടാക്കുന്നത്.വിമാനക്കമ്പനികൾ ഉയർന്ന നിരക്ക് ഈടാക്കുന്നത് സാധാരണ യാത്രക്കാരെയും കുറഞ്ഞ വരുമാനക്കാരെയുമാണ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.രോഗങ്ങൾ അടക്കമുള്ള അടിയന്തര കാരണങ്ങളാൽ നാട്ടിൽ പോകേണ്ടവർക്കും ഉയർന്ന നിരക്കുകൾ വലിയ തിരിച്ചടിയാവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല