
സ്വന്തം ലേഖകൻ: ക്രിസ്മസും അവധിക്കാലവും നാട്ടിലാഘോഷിക്കാൻ ട്രെയിൻ ടിക്കറ്റിനായി പരക്കം പാഞ്ഞ് മലബാറിൽ നിന്നുള്ള മറുനാടൻ മലയാളികൾ. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ളവരാണു നാട്ടിലെത്താൻ വഴിയില്ലാതെ വലയുന്നത്. ചെന്നൈയിൽ നിന്നുള്ള മിക്ക വണ്ടികളിലും ജനുവരി ഒന്നു വരെ തിരൂരിലേക്കു ടിക്കറ്റില്ല. മംഗളൂരു സെൻട്രൽ എക്സ്പ്രസിൽ 31ന് മാത്രം ഏതാനും സീറ്റുകൾ ഒഴിവുണ്ട്. മെയിൽ എക്സ്പ്രസിൽ 24ന് ഉള്ള സ്‍ലീപ്പർ ടിക്കറ്റ് വെയ്റ്റ്ലിസ്റ്റിൽ 99 ആണ്.
വെസ്റ്റ് കോസ്റ്റിൽ സ്‍ലീപ്പർ ടിക്കറ്റ് വെയ്റ്റ്ലിസ്റ്റിൽ 100 ആണ്. ബെംഗളൂരുവിൽ നിന്നുള്ള കണ്ണൂർ എക്സ്പ്രസിലും ജനുവരി ഒന്നു വരെ സീറ്റില്ല. ഇവിടെ നിന്ന് ഞായർ മാത്രം ഓടുന്ന മംഗളൂരു എക്സ്പ്രസിലും വെയ്റ്റിങ് ലിസ്റ്റാണ്. ചൊവ്വയും വെള്ളിയും ഹൈദരാബാദ് കാച്ചിഗുഡയിൽ നിന്ന് മംഗളൂരു വരെ പോകുന്ന ട്രെയിനിൽ 23ന് തിരൂർ വരെ സ്‍ലീപ്പർ ടിക്കറ്റിനു 209 ആണ് വെയ്റ്റിങ് ലിസ്റ്റ് കാണിക്കുന്നത്.
മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നുമുള്ള ട്രെയിനുകളിലും ഇതു തന്നെയാണ് അവസ്ഥ. അടിയന്തരമായി ഈ സ്ഥലങ്ങളിൽ നിന്നെല്ലാം റെയിൽവേ മലബാർ ഭാഗത്തേക്ക് ക്രിസ്മസ് സ്പെഷൽ ട്രെയിൻ ഓടിച്ചില്ലെങ്കിൽ മറുനാടൻ മലയാളികൾക്ക് നാട്ടിലെത്താൻ പ്രയാസമാകും. നിലവിൽ ഇവർ ബസുകളെ ആശ്രയിക്കാൻ ഒരുങ്ങുകയാണ്. കൂടുതൽ തുക നൽകി വിമാനയാത്രയ്ക്കും ചിലർ തയാറെടുക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല