സ്വന്തം ലേഖകന്‍: ലോക ബോക്‌സ് ഓഫീസില്‍ കൊടുങ്കാറ്റാകാന്‍ ക്രിസ്റ്റഫര്‍ നോളാന്റെ ഡണ്‍കിര്‍ക്ക് വരുന്നു, യുദ്ധ സിനിമകളുടെ അവസാന വാക്കെന്ന് നിരൂപകര്‍. പുതിയ ചിത്രമായ ഡണ്‍കിര്‍ക്ക് നോളന്റെ ചിത്രങ്ങളില്‍ ഏറ്റവും മികച്ചതാണെന്നാണ് നിരൂപകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. ചിത്രം റിലീസ് ചെയ്യാന്‍ ഒരു ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രിവ്യു ഷോ റിവ്യൂകളുടെ പ്രളയമാണ്. മിക്കവാറും നിരൂപകര്‍ ചിത്രത്തിന് മുഴുവന്‍ മാര്‍ക്കും കൊടുക്കുന്നു.
9.6 ആണ് ഐഎംഡിബി റേറ്റിംഗ് നല്‍കിയിരിക്കുന്നത്. റൊട്ടണ്‍ ടൊമാറ്റോ നല്‍കിയതാകട്ടെ 98ഉം. മനുഷ്യ ചരിത്രത്തിലെ ഏറ്റവും മികച്ച കഥ എന്ന് നോളന്‍ തന്നെ വിശേഷിച്ച ചിത്രം 1940 ല്‍ രണ്ടാം ലോകമഹായുദ്ധ കാലത്ത് സഖ്യകക്ഷികളുടെ സൈന്യം ഫ്രാന്‍സിലെ ഡണ്‍കിര്‍ക്ക് തീരത്ത് പെട്ടുപോകുന്ന കഥയാണ് പറയുന്നത്. ഡണ്‍കിര്‍ക്ക് തീരത്ത് ജര്‍മന്‍ സൈന്യത്താല്‍ വളയപ്പെട്ട്, ഒന്നുകില്‍ കീഴടങ്ങുക, അല്ലെങ്കില്‍ മരിക്കുക എന്ന അവസ്ഥയില്‍ എത്തിയ സഖ്യകക്ഷി സൈനികരുടെ ജീവന്മരണ പോരാട്ടമാണ് സിനിമ.
ദ ഗാര്‍ഡിയന്‍, എംപയര്‍, ദ ടെലഗ്രാഫ്, ദ മിറര്‍ എന്നീ ലോകമാധ്യമങ്ങള്‍ അഞ്ചില്‍ അഞ്ച് സ്റ്റാറാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ദ ഇന്‍ഡിപെന്‍ഡന്‍ഡിന് വേണ്ടി നിരൂപണം എഴുതിയ ക്രിസ്റ്റഫര്‍ ഹൂട്ടോണ്‍ അഞ്ചില്‍ നാലാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. അതിശയപ്പെടുത്തുന്ന കാഴ്ച്ചാ അനുഭവം നല്‍കി നോളന്‍ പ്രേക്ഷകന് ചുറ്റിലും പേടിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുകയാണ് ചെയ്തതെന്ന് അഞ്ചില്‍ അഞ്ച് സ്റ്റാറും നല്‍കി ഗാര്‍ഡിയന് വേണ്ടി പീറ്റര്‍ ബ്രാഡ്ഷാ എഴുതുന്നു.
ജൂലൈ 20 ന് ലോകമെങ്ങുമുള്ള തിയയറുകളില്‍ ചിത്രം റിലീസ് ചെയ്യും. ഹാര്‍ഡി, മാര്‍ക് റിലന്‍സ്, കെന്നത്ത് ബ്രാണ എന്നിവരാണു പ്രധാന വേഷങ്ങളില്‍. മെമെന്റ്റൊ, ഇന്‍സോംനിയ, ബാറ്റ്മാന്‍, പ്രസ്റ്റീജ്, ഇന്‍സെപ്ഷന്‍, ഇന്റര്‍സ്റ്റെല്ലാര്‍ തുടങ്ങിയവ ഹിറ്റുകളുകളിലൂടെ ലോക സിനിമയിലെ ഏറ്റവും ആരാധകരുള്ള സംവിധായകനാണ് ഇന്ന് നോളാന്‍. ഡണ്‍കിര്‍ക്കിന്റെ കിടിലന്‍ ട്രെയിലര്‍ കാണാം…
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല