സ്വന്തം ലേഖകന്‍: പാകിസ്ഥാനില്‍ ക്രിസ്തീയ ദേവാലയത്തിനും വീടുകള്‍ക്കും നേരെ ആക്രമം നടത്തിയ സംഭവത്തില്‍ 40 പേര് അറസ്റ്റിലായി. സന്താ മേഖലയിലെ പള്ളിയും പരിസര പ്രദേശങ്ങളിലുള്ള ക്രിസ്ത്യാനികളുടെ വീടുകളുമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ഏതാണ്ട് ഒരു ഡസനിലേറെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് അഞ്ഞൂറു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സ്ഥലത്തെ സാമുദായിക പാര്‍ട്ടിയുടെ നേതാവായ പുരോഹിതനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. സംഭവ സ്ഥലത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ പഞ്ചാബ് ആഭ്യന്തരമന്ത്രി കേണല്‍ ഷുജ ഖന്‍സദ പൊലീസിന് നിര്‍ദേശം നല്കി.
ക്രിസ്തുമത വിശ്വാസിയായ യുവാവ് ദൈവനിന്ദ കാട്ടിയെന്നാരോപിച്ചാണ് ജനക്കൂട്ടം കഴിഞ്ഞ ഞായറാഴ്ച സന്താ മേഖലയിലെ പള്ളിയും പരിസര പ്രദേശങ്ങളും ആക്രമിച്ചത്. നശിപ്പിക്കപ്പെട്ടതില്‍ ദൈവനിന്ദ നടത്തി എന്നാരോപിക്കപ്പെട്ട ഹുമയൂണ്‍ ഫൈസല്‍ മാസിഹിന്റെ വീടും ഉള്‍പ്പെടുന്നു. പൊതു, സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിച്ചതിനും പോലീസുകാരെ ആക്രമിച്ചതിനും ആക്രമികള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ ഇജാസ് ഷാഫി വ്യക്തമാക്കി.
ജമാ അത്ത് ഇ ഇസ്ലാമിയുടെ സഹോദര സംഘടനയായ ഷബാബ് ഇ മിലിയുടെ പ്രാദേശിക നേതാവാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ഇയാള്‍ മുസ്ലിം ദേവാലയത്തില്‍ വച്ച് സമുദായത്തിന്റെ അഭിമാനം കാത്തു രക്ഷിക്കാനായി മുസ്ലീങ്ങള്‍ രംഗത്തു വരണമെന്ന് ആവശ്യപ്പെട്ടതായി പൊലീസ് വ്യക്തമാക്കി. പൊലീസിന്റെ അവസരോചിതമായ ഇടപെടല്‍ കാരണമാണ് നിരവധി പേര് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
അതേ സമയം ഹുമയൂണ്‍ ഫൈസല്‍ മാസിഹിനെ അറസ്റ്റ് ചെയ്തതായും പൊലീസ് സ്റ്റേഷനു മുമ്പില്‍ കൂട്ടം ചേര്‍ന്ന ജനം ഇയാളെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല