1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2017

സ്വന്തം ലേഖകന്‍: സിഐഎയും ദക്ഷിണ കൊറിയയും ചേര്‍ന്ന് ആസൂത്രണം ചെയ്ത കിം ജോങ് ഉന്നിനെ കൊല്ലാനുള്ള രഹസ്യ പദ്ധതി തകര്‍ത്തതായി ഉത്തര കൊറിയ. അമേരിക്കന്‍ രഹസ്യന്വേഷണ ഏജന്‍സിസയായ സിഐഎ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ്ങ് ഉന്നിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി ആരോപണം ഉന്നയിക്കുന്നത് ഉത്തര കൊറിയന്‍ സുരക്ഷ ഉദ്യോഗസ്ഥരാണ്. ബയോകെമിക്കല്‍ വസ്തുക്കളാണ് ഉന്നിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്നും ഉത്തര കൊറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്ത് വിട്ട പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ഏപ്രില്‍ 16ന് പ്യോങ്ഗാങ്ങില്‍ നടന്ന പൊതുപരിപാടിക്കിടെ വച്ച് കിമ്മിനെ വധിക്കാനായിരുന്നു പദ്ധതി. റേഡിയോ ആക്റ്റീവ് വസ്തുക്കളോ വിഷമുള്ള നാനോ വസ്തുക്കളോ കിം ജോങിന്റെ ശരീരത്തില്‍ കടത്തി കൊല്ലാനായിരുന്നു ശ്രമം. ഇത്തരം വസ്തുക്കള്‍ വളരെ ദൂരെ നിന്നും ഒരാളുടെ ശരീരത്തിലേക്ക് കടത്തിവിടാന്‍ കഴിയും. ഫലം പുറത്ത് വരാന്‍ മാസങ്ങളെടുക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ദൗത്യം നടപ്പിലാക്കുന്നതിന് കിം എന്ന് പേരുള്ള ഒരു ഉത്തര കൊറിയന്‍ പൗരനെയാണ് നിയോഗിച്ചത്.

സിഐഎ വാടകയ്ക്ക് എടുത്ത ഇയാളെ കണ്ടെത്തിയതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.ആറ് മുതല്‍ പന്ത്രണ്ട് മാസങ്ങള്‍ക്കുള്ളില്‍ കിമ്മിന്റെ മരണം സംഭവിക്കാനുള്ള പദ്ധതിയാണ് ഇരു രാജ്യങ്ങളും സ്വീകരിച്ചതെന്നും ഇതിന് തിരിച്ചടിയുണ്ടാകുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ പിടിയിലായ വാടക കൊലയാളിയെ എന്ത് ചെയ്തുവെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.