1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 7, 2024

സ്വന്തം ലേഖകൻ: ചരിത്ര വിജയത്തോടെ യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസിനെ പരാജയപ്പെടുത്തിയാണ് ട്രംപ് യുഎസിന്റെ അധികാരത്തിലേക്ക് മടങ്ങി വരുന്നത്. തിരഞ്ഞെടുപ്പ് വിജയത്തോടെ തന്റെ മന്ത്രിസഭയിലേക്ക് അംഗങ്ങളെയും മറ്റ് മുതിര്‍ന്ന അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥരെയും വരും ആഴ്ചകളില്‍ ട്രംപ് തിരഞ്ഞെടുക്കുമെന്നാണ് കരുതുന്നത്.

ജാമി ഡിമോണ്‍, സ്‌കോട്ട് ബെസെന്റ്, ജോണ്‍ പോള്‍സണ്‍ എന്നിവരെ ട്രംപ് സുപ്രധാന പദവികളിലേക്ക് തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ വംശജനായ കശ്യപ് കാഷ് പട്ടേലിനെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന പദവിയില്‍ നിയമിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ട്രംപിനോടുള്ള വിശ്വസ്തതയ്ക്ക് ഏറെ പേരുകേട്ടയാളാണ് കശ്യപ്. കൂടാതെ, ട്രംപിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായ അദ്ദേഹത്തെ അടുത്ത സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി(സിഐഎ) മേധാവിയായി നിയമിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ന്യൂയോര്‍ക്കിലാണ് കശ്യപിന്റെ ജനനം. ഗുജറാത്തില്‍ നിന്ന് കുടിയേറിയവരാണ് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍. യൂണിവേഴ്‌സിറ്റി ഓഫ് റിച്ച്‌മോണ്ടില്‍നിന്ന് അദ്ദേഹം ബിരുദം പൂര്‍ത്തിയാക്കി. യുകെയിലെ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലോയില്‍ നിന്ന് ഇന്റര്‍നാഷണല്‍ ലോയില്‍ സര്‍ട്ടിഫിക്കറ്റും നേടിയിട്ടുണ്ട്.

പേസ് യൂണിവേഴ്‌സിറ്റിയിലെ ലോ സ്‌കൂളില്‍ നിന്നും ബിരുദം നേടിയശേഷം ഒരു സുപ്രധാന നിയമസ്ഥാപനത്തില്‍ ജോലി നേടുമെന്ന് അദ്ദേഹം കരുതിയെങ്കിലും തിരഞ്ഞെടുക്കപ്പെട്ടില്ല. തുടര്‍ന്ന് അദ്ദേഹം പബ്ലിക് പ്രോസിക്യൂട്ടറായി മാറി. നീതിന്യായ വകുപ്പില്‍ ചേരുന്നതിന് മുമ്പ് മിയാമിയെല പ്രാദേശിക, ഫെഡറല്‍ കോടതികളില്‍ ഒമ്പത് വര്‍ഷത്തോളം സേവനമനുഷ്ഠിച്ചു.

കൊലപാതകം, മയക്കുമരുന്ന് കടത്ത്, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തുടങ്ങിയ സങ്കീര്‍ണമായ നിരവധി കേസുകള്‍ കൈകാര്യം ചെയ്ത് അദ്ദേഹത്തിന് പരിചയസമ്പത്തുണ്ട്. ഹൗസ് പെര്‍മെനന്റ് സെലക്ട് കമ്മിറ്റി ഓണ്‍ ഇന്റലിജന്‍സില്‍ സ്റ്റാഫായി റിപ്പബ്ലിക്കനായ ഡെവില്‍ ന്യൂണ്‍സ് കശ്യപിനെ തിരഞ്ഞെടുത്തിരുന്നു. 2016ലെ പ്രചാരണത്തിനിടെ റഷ്യന്‍ ഇടപെടലിനെക്കുറിച്ചുള്ള സമിതിയുടെ അന്വേഷണത്തിന് കശ്യപിന് ന്യൂണ്‍സ് ചുമതല നല്‍കിയിരുന്നു.

ഐഎസ്, അല്‍ ബാഗ്ദാദി, ഖാസിം അല്‍-റിമി തുടങ്ങിയ അല്‍ ഖ്വയ്ദ നേതൃത്വത്തെ ഉന്മൂലനം ചെയ്യുക, നിരവധി അമേരിക്കന്‍ ബന്ദികളെ സുരക്ഷിതമായി തിരിച്ചെത്തിക്കുക തുടങ്ങി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സുപ്രധാന ദൗത്യങ്ങളില്‍ അദ്ദേഹം മേല്‍നോട്ടം വഹിച്ചിട്ടുണ്ട്.ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസില്‍ ലെയ്‌സണ്‍ ഓഫീസറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ, നിരവധി തീവ്രവാദ വിരുദ്ധ യൂണിറ്റുകളുമായും ചേര്‍ന്ന് അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.