സ്വന്തം ലേഖകന്‍: സിഐഎ മേധാവിയുടെ ഉത്തര കൊറിയന്‍ രഹസ്യ സന്ദര്‍ശനം; വാര്‍ത്ത സ്ഥിരീകരിച്ച് ട്രംപ്. സിഐഎ മേധാവിയും നിയുക്ത സ്റ്റേറ്റ് സെക്രട്ടറിയുമായ മൈക്ക് പോംപി, പ്യോങ്യാങ്ങിലെത്തി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തിയെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു.
കഴിഞ്ഞയാഴ്ച നടന്ന കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നെന്നും ഇരുരാജ്യങ്ങളും തമ്മില്‍ നല്ല ബന്ധം സ്ഥാപിക്കാനായെന്നും ട്രംപ് ട്വീറ്റ് ചെയ്തു. യുഎസ് – ഉത്തര കൊറിയ ഉച്ചകോടിക്കു മുന്നോടിയായുള്ള പോംപിയുടെ പ്യോങ്യാങ് സന്ദര്‍ശനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തുന്ന ആദ്യ ഉന്നത യുഎസ് ഉദ്യോഗസ്ഥനും പോംപിയാണ്.
കിമ്മുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ച മേയ് അവസാനമോ ജൂണിലോ ഉത്തര കൊറിയയില്‍ നടക്കുമെന്നാണു കരുതുന്നത്. എന്നാല്‍, തീയതിയുടെയോ വേദിയുടെയോ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും അഞ്ചോളം സ്ഥലങ്ങള്‍ ഇതിനായി പരിഗണിക്കുന്നുണ്ടെന്നും ട്രംപ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല