സ്വന്തം ലേഖകന്‍: ആധാര്‍ വിവരങ്ങള്‍ സിഐഎ ചോര്‍ത്തിയതായി വിക്കിലീക്‌സിന്റെ വെളിപ്പെടുത്തല്‍. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വിക്കീലീക്‌സ് പ്രസിദ്ധീകരിച്ചത്. ബയോമെട്രിക് കാര്‍ഡ് ആയ ആധാര്‍ ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്ത യു.എസിലെ ക്രോസ് മാച്ച് ടെക്‌നോളജീസിലൂടെ സി.ഐ.എ സൈബര്‍ ചാര പ്രവര്‍ത്തനത്തിനായി ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. വിരലടയാളമടക്കമുള്ള ബയോമെട്രിക് സ്‌കാനിംഗ് സംവിധാനം ക്രോസ് മാച്ച് ടെക്‌നോളജീസിലൂടെയാണ് ശേഖരിച്ചിരുന്നത്.
ബയോമെട്രിക് സോഫ്റ്റ്‌വെയര്‍ രംഗത്തെ പ്രമുഖ യുഎസ് കമ്പനിയാണ് ക്രോസ് മാച്ച്. ഒട്ടുമിക്ക രാജ്യങ്ങളിലും ബയോമെട്രിക് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതു ക്രോസ് മാച്ചിന്റെ ഉത്പന്നങ്ങളാണ്. 2012ല്‍ ക്രോസ് മാച്ചിനെ ഫ്രാന്‍സിസ്‌കോ പാര്‍ട്‌ണേര്‍സ് ഏറ്റെടുത്തു. എണ്‍പതിലധികം രാജ്യങ്ങളിലായി അയ്യായിരത്തിലധികം സുരക്ഷാ ഏജന്‍സികളാണു ക്രോസ് മാച്ച് ഉപയോഗിക്കുന്നത്.
ലോകമാകെയുള്ള ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാനുള്ള സിഐഎയുടെ വിഭാഗമാണ് ഒടിഎസ് (ഓഫിസ് ഓഫ് ടെക്‌നിക്കല്‍ സര്‍വീസസ്). സിഐഎ വിഭാഗമായ ഒടിഎസ് രഹസ്യപദ്ധതിക്കു കണ്ടെത്തിയതും ക്രോസ് മാച്ചിനെതന്നെയാണ്. പാക്കിസ്ഥാനില്‍ ഒളിച്ചിരുന്ന ഉസാമ ബിന്‍ ലാദനെ നിരീക്ഷിക്കാന്‍ യുഎസ് സൈന്യം ക്രോസ് മാച്ചിനെ ഉപയോഗിച്ചിരുന്നതായി നേരത്തേ വാര്‍ത്ത വന്നിരുന്നു. ക്രോസ് മാച്ചിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം വഴിയാണ് ആധാര്‍ വിവരങ്ങള്‍ സിഐഎയുടെ പക്കലെത്തിയത് എന്നാണു വിക്കിലീക്‌സ് പറയുന്നത്. സി.ഐ.എയുടെ എക്‌സ്പ്രസ് ലൈന്‍ പദ്ധതിയില്‍നിന്ന് ചോര്‍ത്തിയ രേഖകളാണ് കഴിഞ്ഞ ദിവസം വിക്കിലീക്‌സ് പുറത്തുവിട്ടത്.
ആധാര്‍ വിവരങ്ങള്‍ സി.ഐ.എ ചോര്‍ത്തുന്നതായി വിക്കിലീക്‌സ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ യു.ഐ.ഡി.എ.ഐ അധികൃതര്‍ ഇക്കാര്യം നിഷേധിച്ചു. റിപ്പോര്‍ട്ടില്‍ വസ്തുതയൊന്നുമില്ലെന്നും ആധാര്‍ വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും യു.ഐ.ഡി.എ.ഐ അധികൃതര്‍ വിക്കിലീക്‌സ് റിപ്പോര്‍ട്ടിനെ നിഷേധിച്ച് വ്യക്തമാക്കി. ആധാര്‍ വിവരങ്ങള്‍ പൗരന്‍മാരുടെ സ്വകാര്യതയുടെ ലംഘനമാണെന്ന ചര്‍ച്ച സജീവമായിരിക്കുന്ന സാഹചര്യത്തിലാണ് സി.ഐ.എ ചോര്‍ത്തുന്നുവെന്ന റിപ്പോര്‍ട്ടുമായി വിക്കീലീക്‌സ് രംഗത്ത് വന്നിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല