അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗമായ സിഐഎ ബ്രിട്ടണില്‍ ചോദ്യം ചെയ്യലുകളും അന്വേഷണങ്ങളും നടത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. ജോര്‍ജ് ബുഷിന്റെ ഭരണകാലത്ത് അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥനായിരുന്ന ലോറന്‍സ് വില്‍ക്കേര്‍സന്റേതാണ് വെളിപ്പെടുത്തല്‍. അദ്ദേഹം നടത്തിയ വെളിപ്പെടുത്തലുകള്‍ സത്യമാണെങ്കില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ വെച്ചുപുലര്‍ത്തി പോന്ന വാദങ്ങള്‍ക്ക് വിരുദ്ധമാണിത്. 9/11 ആക്രമണങ്ങള്‍ക്ക് ശേഷം വെറിപൂണ്ട സിഐഎ നടത്തിയ ക്രൂരതകള്‍ കഴിഞ്ഞ ഇടയ്ക്ക് സെനറ്റ് റിപ്പോര്‍ട്ടിലൂടെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇക്കാലയളവിലൊന്നും ബ്രിട്ടണ്‍ നിയമവിരുദ്ധമായ പീഡനങ്ങളില്‍ പങ്കാളിയായിട്ടില്ലെന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. സിഐഎ പോലൊരു ഏജന്‍സി ബ്രിട്ടണില്‍ എത്തി അന്വേഷണങ്ങളും ചോദ്യംചെയ്യലുകളും നടത്തിയിട്ടുണ്ടെങ്കില്‍ അത് ബ്രിട്ടീഷ് സര്‍ക്കാരിന്റെ അറിവോ സമ്മതമോ കൂടാതെ സാധ്യമല്ല.
ബ്രിട്ടീഷ് ടെറിറ്ററിയായ ഡീഗോ ഗാര്‍സിയയാണ് സിഐഎ ഉപയോഗപ്പെടുത്തിയതെന്ന് വില്‍ക്കേര്‍സെന്‍ വെളിപ്പെടുത്തുന്നു. 1980 കളില്‍ യുഎസ് പെസഫിക് കമാന്‍ഡില്‍ സേവനം അനുഷ്ടിച്ചിട്ടുള്ള പട്ടാളക്കാരനാണ് 69കാരനായ വില്‍ക്കേര്‍സണ്‍. വൈസ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ബ്രിട്ടീഷ് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്ന കാര്യം വെളിപ്പെടുത്തിയത്.
ഇന്ത്യന്‍ ഓഷ്യനില്‍ സ്ഥിതി ചെയ്യുന് ഡീഗോ ഗാര്‍സിയ 1966 മുതല്‍ ബ്രിട്ടീഷ് സൈന്യത്തിന്റെ പ്രധാന ഔട്ട്‌പോസ്റ്റുകളില്‍ ഒന്നാണ്. മുന്‍ ലേബര്‍ സര്‍ക്കാര്‍ യുഎസ് സൈന്യത്തിന്റെ വിമാനങ്ങള്‍ക്ക് ഇടത്താവളമായി ഈ പ്രദേശം അനുവദിക്കപ്പെട്ടിരുന്നു എന്ന് പറഞ്ഞിരുന്നെങ്കിലും സിഐഎയുടെ ക്രൂരതകള്‍ക്ക് ഇടമൊരുക്കി എന്ന് പറഞ്ഞിരുന്നില്ല. ഇത്രയും കാലം രഹസ്യമായി സൂക്ഷിച്ചിരുന്ന ബ്രിട്ടണിലെ സിഐഎ ഇടപെടീലുകളെക്കുറിച്ച് ആദ്യമായിട്ടാണ് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ സംസാരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല