സ്വന്തം ലേഖകന്‍: ചാനല്‍ പുരസ്‌ക്കാരങ്ങള്‍ കണ്ടില്ലെന്നു നടിച്ച വിനായകന് സമൂഹ മാധ്യമങ്ങളുടെ അംഗീകാരം, സിനിമാ പാരഡീസോ ക്ലബിന്റെ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. സിനിമാ പ്രേമികളുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ സിനിമാ പാരഡീസോ ക്ലബിന്റെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ വിനായകനാണ് മികച്ച നടനായി. രജീഷ വിജയനും സായി പല്ലവിയും മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിട്ടു. മഹേഷിന്റെ പ്രതികാരം മികച്ച ചിത്രമായപ്പോള്‍ ദിലീഷ് പോത്തന്‍ മികച്ച സംവിധായകനായി. സമഗ്ര സംഭാവനയ്ക്കുള്ള സിനിമാ പാരഡീസോയുടെ പ്രത്യേക പുരസ്‌കാരത്തിന് നടന്‍ ഇന്ദ്രന്‍സ് അര്‍ഹനായി.
ഓഡിയന്‍സ് പോളിന്റെ അടിസ്ഥാനത്തില്‍ 12 അംഗ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ രാജീവ് രവി ചിത്രം കമ്മട്ടിപാടത്തിലെ കഥാപാത്രം ഗംഗയിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച വിനായകനെ പ്രമുഖ ടിവി ചാനല്‍ സിനിമാ അവാര്‍ഡ് നിര്‍ണയത്തില്‍ തഴഞ്ഞത് വലിയ വിവാദമായിരുന്നു. ജയസൂര്യയില്‍ നിന്നാണ് വിനായകന്‍ അവാര്‍ഡ് ഏറ്റുവാങ്ങിയത്. 1994 ല്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ മുഹൂര്‍ത്തവും അവാര്‍ഡ് സ്വീകരിച്ച് വിനായകന്‍ പങ്കുവെച്ചു. ഏറ്റവും സത്യസന്ധമായ അവാര്‍ഡ് നിര്‍ണയമെന്നായിരുന്നു ജയസൂര്യ വിനായകന് അവാര്‍ഡ് സമ്മാനിച്ചുകൊണ്ട് പറഞ്ഞത്.
ഫേസ്ബുക്കിലെ പ്രധാന ചലച്ചിത്ര കൂട്ടായ്മയായ സിനിമാ പാരഡീസോ ക്ലബ്ബ് നേരെത്തെയും അതാതു വര്‍ഷത്തെ മികച്ച പ്രകടനങ്ങള്‍ തെരഞ്ഞെടുക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് താരങ്ങള്‍ക്ക് അവാര്‍ഡ് നേരിട്ട് സമ്മാനിക്കുന്നത്. മണ്‍റോ തുരുത്ത് എന്ന ചിത്രത്തില്‍ മികച്ച പ്രകടനം നടത്തിയ നടന്‍ ഇന്ദ്രന്‍സിന് പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചു.
പുരസ്‌കാരങ്ങളുടെ പട്ടിക,
ചിത്രം മഹേഷിന്റെ പ്രതികാരം
സംവിധായകന്‍ ദിലീഷ് പോത്തന്‍ (മഹേഷിന്റെ പ്രതികാരം)
നടന്‍ വിനായകന്‍ (കമ്മട്ടിപ്പാടം)
നടി രജിഷ വിജയന്‍ (അനുരാഗ കരിക്കിന്‍ വെള്ളം), സായ് പല്ലവി (കലി)
തിരക്കഥ ശ്യാം പുഷ്‌ക്കരന്‍ (മഹേഷിന്റെ പ്രതികാരം)
സംഗീത സംവിധാനം ബിജിബാല്‍ (മഹേഷിന്റെ പ്രതികാരം)
സഹനടി രോഹിണി (ആക്ഷന്‍ ഹീറോ ബിജു, ഗപ്പി)
സഹനടന്‍ മണികണ്ഠന്‍ ആര്‍ ആചാരി (കമ്മാട്ടിപ്പാടം)
ഛായാഗ്രഹണം ഷൈജു ഖാലിദ് (മഹേഷിന്റെ പ്രതികാരം)
സിനിമാ പാരഡീസോ സ്‌പെഷ്യല്‍ ഹോണററി അവാര്‍ഡ് ഇന്ദ്രന്‍സ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല