കഴിഞ്ഞ വര്‍ഷം ഏറ്റ പരാജയത്തിന് മാഞ്ചസ്റര്‍ യുണൈറ്റഡ് പലിശ സഹിതം കണക്കു തീര്‍ത്തു. എഫ്എ കപ്പില്‍ മാഞ്ചസ്റര്‍ സിറ്റിയെ രണ്ടിനെതിരേ മൂന്നു ഗോളിന് മാഞ്ചസ്റര്‍ യുണൈറ്റഡ് തുരത്തി. സിറ്റിയുടെ തട്ടകത്തിലാണ് യുണൈറ്റഡിന്റെ താണ്ഡവം എന്നതാണ് പ്രധാനം.
മത്സരത്തിന്റെ പത്താം മിനിറ്റില്‍ വെയ്ന്‍ റൂണിയുടെ മനോഹരമായ ഹെഡറിലൂടെ യുണൈറ്റഡ് സിറ്റിയുടെ വലകുലുക്കി. വലന്‍സിയയുടെ ക്രോസിനു തലവച്ച റൂണിക്കു പിഴച്ചില്ല. പന്ത് ഭദ്രമായി വലയില്‍. 1-0 നു മാഞ്ചസ്റര്‍ യുണൈറ്റഡ് മുന്നില്‍. 12-ാം മിനിറ്റില്‍ കൊംപനി ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായതോടെ മാഞ്ചസ്റര്‍ സിറ്റി പത്തുപേരായി ചുരുങ്ങി. 30-ാം മിനിറ്റില്‍ വെല്‍ബീക്കിലൂടെ യുണൈറ്റഡ് ലീഡുയര്‍ത്തി. എവ്റയുടെ ക്രോസ് പെനാല്‍റ്റി ബോക്സിനുള്ളില്‍ നിന്ന വെല്‍ബീക്കിന്. വെല്‍ബീക്കിന്റെ ഷോട്ട് സിറ്റിയെ 2-0 നു പിന്നിലാക്കി.
40-ാം മിനിറ്റില്‍ കൊലറോവ് വെല്‍ബീക്കിനെ പെനാല്‍റ്റി ബോക്സില്‍ ഫൌള്‍ചെയ്തിന് റഫറി യുണൈറ്റഡിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. റൂണിയുടെ സ്പോട്ട് കിക്ക് ആദ്യ ശ്രമത്തില്‍ ലക്ഷ്യം കണ്ടില്ല. എന്നാല്‍, റീബൌണ്ട് പന്ത് വലയിലാക്കി റൂണി യുണൈറ്റഡിന് 3-0 ന്റെ ലീഡ് സമ്മാനിച്ചു. ആദ്യ പകുതിയില്‍ മൂന്നു ഗോള്‍ വഴങ്ങിയെങ്കിലും പത്തുപേരുമായി സിറ്റി രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചടിച്ചു. 48-ാം മിനിറ്റില്‍ കൊലറോവ് സിറ്റിക്കായി ഒരു ഗോള്‍ മടക്കി. 65-ാം മിനിറ്റില്‍ സെര്‍ജിയൊ അഗ്യൂറോ ലക്ഷ്യം കണ്ടതോടെ സിറ്റി മത്സരത്തിലേക്കു തിരിച്ചുവരുമെന്നു തോന്നിപ്പിച്ചു. സമനിലയ്ക്കായി കടുത്ത പോരാട്ടം കാഴ്ചവച്ചെങ്കിലും സിറ്റിക്ക് അനിവാര്യമായ തോല്‍വി ഒഴിവാക്കാനായില്ല.
മറ്റൊരു മത്സരത്തില്‍ ആസ്റണ്‍ വില്ല 3-1 ന് ബ്രിസ്റല്‍ റോവേഴ്സിനെ പരാജയപ്പെടുത്തി. ടോട്ടനെ 3-0 നു ചെല്‍ട്ടണ്‍ഹാംടണിനെ മറികടന്നപ്പോള്‍ ഫുള്‍ഹാം 4-0 നു കാള്‍ട്ടണ്‍ അത്ലറ്റിക്സിനെ കീഴടക്കി. മാര്‍ക് അല്‍ബ്രിംഗ്ടണ്‍ (35), ഗബ്രിയേല്‍ അഗ്ബോള്‍ഹര്‍ (63) സിയാറന്‍ ക്ളാര്‍ക് (77) എന്നിവരുടെ ഗോളിലൂടെ ആസ്റണ്‍ വില്ല 3-0 നു മുന്നിലെത്തി. 89-ാം മിനിറ്റില്‍ ബ്രിസ്റളിനായി സ്കോട്ട് മഗ്ളിഷ് ഒരു ഗോള്‍ മടക്കി പരാജയഭാരം കുറച്ചു. ഹോം ഗ്രൌണ്ടില്‍ നടന്ന മത്സരത്തില്‍ ജെറമി ഡെഫൊ (24), റൊമാന്‍ പൌലിചെങ്കോവ് (43), ഡസ് സാന്റോസ് (87) എന്നിവരുടെ ഗോളിലൂടെയാണ് ടോട്ടനം ചെല്‍ട്ടണ്‍ഹാമിനെ പരാജയപ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല